ഭരണഘടനാവിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, സജി ചെറിയാനെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് വി. മുരളീധരൻ. മുമ്പ് രാജി വയ്ക്കാൻ കാരണമായിട്ടുള്ള സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുമ്പോള്‍ സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്നതിന്‍റെ സാംഗത്യവും സാധുതയും നഷ്ടപ്പെട്ടെന്ന് മുൻ കേന്ദ്രമന്ത്രി പ്രതികരിച്ചു.
സജി മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ നിഷ്പക്ഷമായ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കില്ല. വ്യക്തമായ തെളിവുകളുണ്ടായിട്ടും പൊലീസ് സജി ചെറിയാന് അനുകൂലമായ നിലപാടാണെടുത്ത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കള്‍ പ്രതികളായ കേസുകളിലെല്ലാം ഇതാണ് സ്ഥിതി. നരേന്ദ്രമോദിയെ ഭരണഘടനയുടെ അന്തസത്ത ഉയർത്തി പിടിക്കാൻ പഠിപ്പിക്കുന്നവരാണ് സിപിഎം.പോളിറ്റ് ബ്യൂറോയും പിണറായി വിജയനും. നരേന്ദ്രമോദി മാത്രം ഭരണംഘടന ഉയർത്തി പിടിച്ചാൽ മതി എന്നാണോ നിലപാടെന്നും വി. മുരളീധരൻ ചോദിച്ചു.
