‘അമ്മ’ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി

മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിനു പിന്നാലെ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തന്നേക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ചവർക്കു വേണ്ടി മാറി നിൽക്കേണ്ടി വന്നുവെന്നും ഈ സാഹചര്യം ഒഴിവാക്കാൻ നടപടികൾ വേണമെന്നുമാണ് പിഷാരടി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭരണസമിതിയിൽ കുറഞ്ഞത് നാല് സ്ത്രീകൾ എങ്കിലും ഉണ്ടായിരിക്കണമെന്ന ബൈലോ ഉള്ളതിനാലാണ് തന്നേക്കാൾ കുറഞ്ഞ വോട്ട് ലഭിച്ചവർക്കു വേണ്ടി മാറി നിൽക്കേണ്ടി വന്നത്.

എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നാണ് പ്രചരിക്കപ്പെടുന്നത്. തനിക്ക് വോട്ടു ചെയ്തവർ വോട്ട് പാഴായിയെന്ന് പരാതി പറയുന്ന അവസ്ഥയാണ് നിലവിൽ. ഇതു പരാതിയായി പരിഗണിക്കേണ്ടതില്ലെന്നും ഈ സാങ്കേതിക പ്രശ്നം പരിഹരിക്കണമെന്നും ബൈലോ ഭേദഗതി ചെയ്യണമെന്നുമാണ് പിഷാരടി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയി, അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ എന്നാണ് രമേഷ് പിഷാരടി കത്തിൽ പറയുന്നത്. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും അയാളേക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും എന്നായിരിന്നു പിഷാരടിയുടെ കത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *