അംബാനിയും അദാനിയും ഉൾപ്പടെയുള്ള ചില വ്യവസായികൾക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത് എന്ന് നിരന്തരം വാദിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അതുകൊണ്ട് തന്നെയണോ അംബാനി കുടുംബത്തിലെ വിവാഹത്തിന് പങ്കെടുക്കത്തത് എന്ന ചോദ്യം ഉയരുക്കയാണ്. ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം പങ്കെടുത്ത വിവാഹമായിരുന്നു മുംബൈയിൽ നടന്ന ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റതും.
പ്രധാനമന്ത്രി മുതൽ രാഷ്ട്രീയ സിനിമാ ബിസിനസ് മേഖലകളിലെ പ്രമുഖർ അണിനിരന്നപ്പോൾ, കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ കല്യാണത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കാൻ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സോണിയ ഗാന്ധി ആശംസകൾ നേർന്ന് അംബാനി കുടുംബത്തിന് കത്തയച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ഫോണിലൂടെ ക്ഷണിച്ച ശേഷം അംബാനിയുടെ പ്രതിനിധികൾ എത്തി കത്ത് കൈമാറിയിരുന്നു. എങ്കിലും, കോൺഗ്രസിലെ ദേശീയ നേതാക്കളാരും വിവാഹത്തിൽ പങ്കെടുത്തില്ല. എന്നാൽ രാഹുൽ ഗാന്ധിയാണ് വിവാഹത്തിന് പോകേണ്ടെന്ന് നിർദേശിച്ചതെന്നും നേതാക്കൾ വ്യക്തമാക്കുന്നു. മുകേഷ് അംബാനിയെ കാണാനും രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല. അതേസമയം, ഡികെ ശിവകുമാർ അടക്കം ചില സംസ്ഥാനങ്ങളിലെ നേതാക്കൾ പോയത് പാർട്ടിയുമായി ആലോചിച്ച് അല്ലെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു. ഇത്രയും വലിയ ആഡംബരത്തിനെതിരായ നിലപാട് പാർട്ടിയോട് സാധാരണക്കാർക്കുള്ള മതിപ്പ് കൂട്ടുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു.
രാഹുലിന്‍റെ നിലപാടിന് വലിയ കൈയ്യടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കിട്ടുന്നത് എന്നതും ശ്രദ്ധേയമാണ്. രാഹുലിന്‍റെ നിലപാടിനെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ പുകഴ്തത്തി. ഒരു റസ്റ്റോറൻറിൽ ഇരുന്ന് രാഹുൽ അടുത്തിടെ പിസ കഴിച്ചതിൻറെ ദൃശ്യങ്ങൾ പങ്കു വച്ചാണ് അനുയായികൾ അംബാനി വിവാഹത്തിൽ നിന്ന് വിട്ടു നിന്നതിനെ പുകഴ്ത്തുന്നത്.
