സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുൽ ഗാന്ധി : ബോളിവുഡ് താരം സെയ്ഫ് അലിഖാൻ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് സെയ്ഫ് അലിഖാൻ പറഞ്ഞത്. വിമർശനങ്ങളേയും ജനങ്ങൾക്ക് തന്നോട് ഉണ്ടായിരുന്ന അനാദരവിനേയും മാറ്റിയെടുക്കാൻ മികച്ച പ്രവർത്തനങ്ങൾ വഴി രാഹുലിന് കഴിഞ്ഞുവെന്ന് സെയ്ഫ് അലിഖാൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പറയുന്നതിലും ചെയ്യുന്ന കാര്യങ്ങളിലും ജനങ്ങൾ അവഹേളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ അതിനെ കഠിനാധ്വാനം കൊണ്ട് അദ്ദേഹം മാറ്റിയെടുത്തു- സെയ്ഫ് അലി ഖാൻ പറഞ്ഞു. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹിക്കുന്നുമില്ല.

രാഷ്ട്രീയപരമായ ചോദ്യങ്ങളെ അവഗണിക്കുകയും ചെയ്തു. പുറമെ അരാഷ്ട്രീയവാദിയാകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ സന്തോഷവാനാണെന്നും അക്കാര്യം രാജ്യം വ്യക്തമായി സംസാരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്​രിവാള്‍, ഭാവിയില്‍ ഇന്ത്യയെ നയിക്കാൻ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരൻ എന്ന നിലയില്‍ ഇവരില്‍ ആരെയാണ് നോക്കിക്കാണുന്നത് എന്നതായിരുന്നു സെയ്​ഫിനോടുളള ചോദ്യം. ഇവരെല്ലാം തന്നെ ധീരരായ രാഷ്ട്രീയക്കാരാണ് എന്നായിരുന്നു സെയ്​ഫിന്‍റെ മറുപടി. ധൈര്യവും സത്യസന്ധതയുമുളള രാഷ്ട്രീയക്കാരെയാണ് തനിക്കിഷ്ടമെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രധാനമന്ത്രിയുടെ ‘കുത്തക മാതൃക’ രാജ്യത്തെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു. ജിഎസ്‌ടി ലഘൂകരിക്കണമെന്നും അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ചെറുകിട ബിസിനസുകൾക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുൽ ​ഗാന്ധി ജമ്മു കശ്മീരിൽ ആവശ്യപ്പെട്ടു. മോശം ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കഴിവുകെട്ട നയങ്ങളിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് രാഹുൽ ആരോപിച്ചു. ഇങ്ങനെ പോയാൽ ചൈനയുമായി മത്സരിക്കാനോ എല്ലാ ഇന്ത്യക്കാർക്കും അഭിവൃദ്ധി നേടാനോ കഴിയില്ലെന്നും ഇന്ത്യ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *