പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു : സുരേഷ് ​ഗോപി

പിണറായി വിജയൻ സുരേഷി ​ഗോപിയെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കി. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നൽകിയതെന്നും സുരേഷ് ​ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂർവ വിദ്യാർഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘സഖാവ് പിണറായി വിജയൻ എന്നെ ക്ഷണിച്ചിട്ടില്ലായെന്ന് ചങ്കൂറ്റമുണ്ടെങ്കിൽ പറയട്ടേ.. എനിക്കീ പരിപാടി ഇഷ്ടമല്ല. ഇതുതന്നെയാണ് എല്ലാവരോടും പറഞ്ഞത്’,സുരേഷ് ഗോപി പറഞ്ഞു. പക്ഷേ, 2014 ഓഗസ്റ്റ് രണ്ടാം തീയതി തനിക്ക് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. താൻ ലീഡർ കെ കരുണാകരൻറെയും ഇ കെ നായനാരുടെയും നല്ല മകനായിരുന്നു. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ലെന്നും ചില നേതാക്കൾ ചേർന്നാണ് തന്നെ രാഷ്ട്രിയത്തിലേക്ക് ഇറക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിൽ പൂരം കലക്കിയാണ് താൻ അവിടെ നിന്നു വിജയിച്ചുവെന്ന് പറഞ്ഞ് കതിരും പതിരും വേർതിരിക്കാൻ ശ്രമിക്കുകയാണ് ചിലർ. ഒന്നു ജയിച്ചപ്പോഴേക്കും അതിന് കാരണം പൂരം കലക്കിയോ, ആനയ്ക്ക് പട്ട വലിച്ചിട്ടോ എന്നാണ് അവർ നോക്കുന്നത്. സഹകരണ ബാങ്കുകളിലെ പാവപ്പെട്ടവരുടെ നിക്ഷേപം തട്ടിയെടുത്ത് അവരുടെ ചോരയൂറ്റിക്കുടിക്കുന്നത് ചോദ്യം ചെയ്ത് പാവങ്ങൾക്കൊപ്പം നിന്നതുകൊണ്ടാണ് തൃശൂരിലെ ജനങ്ങൾ തനിക്ക് വോട്ടു തന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

വാത്സല്യത്തോടെ തോളിൽ തട്ടിയതിന് ഇപ്പോഴും കോടതിയുടെയും പൊലീസുകാരുടെയും വിളിയും കാത്തിരിക്കുകയാണ് താൻ. സമൂഹത്തിലെ തന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെട്ടു. ആ വീഴ്ചയിൽനിന്നും ജനങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടു വന്നു. അധ്വാനിച്ച് വിയർപ്പിന്റെ വിലയുടെ ഒരു പങ്ക് നൽകി മാതാവിന് കിരീടം ധരിപ്പിച്ചപ്പോഴും അവിടെയും ചവിട്ടി തന്നെ തേച്ചുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തൃശൂർ പൂരം കലക്കിയത്തിൽ സുരേഷ് ​ഗോപിക്ക് പങ്കുണ്ടെന്നും തുടങ്ങിയ വാ​ദങ്ങളാണ് ഉയരന്നത്.

Leave a Reply

Your email address will not be published. Required fields are marked *