ഉമ്മൻ ചാണ്ടിയുടെ ‘സീ പ്ലെയിന്‍’ പദ്ധതി, കൈയ്യടി വാങ്ങുന്നത് പിണറായി : വി.ഡി സതീശന്‍

സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. 2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ പോയപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി വരുന്നതെന്നും സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന കാലത്ത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. എന്നിട്ട് വിഴിഞ്ഞത്ത് പോയി കപ്പല്‍ നോക്കി ആശ്വാസം കൊള്ളുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. അന്ന് അത് നടപ്പാക്കാന്‍ സമ്മതിച്ചില്ല.

ഇന്നിപ്പോള്‍ ഒരു നാണവുമില്ലാതെ പ്ലെയിനില്‍ കയറി കൈവീശിക്കാണിക്കുകയാണ്. മന്ത്രിമാര്‍. കടലില്‍ ഉപരോധമുണ്ടാക്കിയ ആളുകളാണ്. ആയിക്കോട്ടെ. ഓരോരുത്തരുടെ തൊലിക്കട്ടിയെന്നും സതീശന്‍ പരിഹസിച്ചു. സീ പ്ലെയിന്‍ ഇറങ്ങിയാല്‍ കേരളത്തില്‍ 25 ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്. അത് പറഞ്ഞ ആളുകളാണ് ഇപ്പോള്‍ അതേ കായലില്‍ സീ പ്ലെയിന്‍ ഇറക്കാന്‍ പോകുന്നത്. എന്തൊരു വിരോധാഭാസമാണിതെന്ന് സതീശന്‍ ചോദിച്ചു. സീ പ്ലെയിന്‍ കൊച്ചിയില്‍ നിന്നും പറന്നുയരുമ്പോള്‍ ചര്‍ച്ചയാകുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. 2013ല്‍ കൊല്ലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതി പൂട്ടിച്ചത് സിപിഎം. 11 വര്‍ഷത്തിന് ശേഷം അതേ സീ പ്ലെയിന്‍ പദ്ധതി ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാര്‍. ഇതോടെ ഖജനാവില്‍ നിന്നും നഷ്ടമായത് 14 കോടിരൂപയും.

എന്നാല്‍ മത്സ്യത്തൊഴിലാളികളെ സിപിഎം തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്ക് എതിരെ രംഗത്ത് ഇറക്കി. സീ പ്ലെയിന്‍ കായലിലെ മത്സ്യബന്ധനത്തെ തകര്‍ക്കുമെന്നും മത്സ്യ സമ്പത്ത് ഇല്ലാതാക്കുമെന്നും പ്രചരിപ്പിച്ചായിരുന്നു മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ടത്. 2015ല്‍ പദ്ധതിക്ക് വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ വീണ്ടും എതിര്‍പ്പ് കടുപ്പിച്ചു. ഇതോടെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞു തുടങ്ങി. പിന്നാലെ വന്ന പിണറായി സര്‍ക്കാര്‍ കരാര്‍ തന്നെ റദ്ദാക്കി. അന്ന് മത്സ്യ സമ്പത്ത് നശിക്കുമെന്ന് പറഞ്ഞ സര്‍ക്കാരാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് സീ പ്ലെയിന്‍ പദ്ധതി തയാറാക്കുന്നത്. ഇടുക്കിയില്‍ മാട്ടുപ്പെട്ടി ഡാമിലാണ് ലാന്‍ഡിങ്.

എന്നാല്‍ ഇടുക്കിയില്‍ കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന വനം വകുപ്പിന്റെ മുന്നറിയിപ്പ്‌പോലും തള്ളിക്കളഞ്ഞാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ ആനകളുടെ കേന്ദ്രമാണ് മാട്ടുപെട്ടി ഡാമും അതിനുചുറ്റുമുള്ള വനമേഖലയും. ആനകളുടെ വിഹാരകേന്ദ്രമാണ് ഇവിടം. പകല്‍സമയത്ത് പോലും ആനകളെ കാണാനാകും. സീ പ്ലെയിന്റെ ശബ്ദം ആനകളെ മാത്രമല്ല, മറ്റ് വന്യ ജീവികള്‍ക്കും ഹാനികരമാകുമെന്നാണ് വനംവകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *