പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു എന്നതില്‍ ആശങ്കയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിയാണ് താന്‍. തനിക്ക് മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വോട്ട് മതി. വര്‍ഗീയവാദികളുടെ വോട്ട് വേണ്ട. പാലക്കാടിന്റെ മകനായി താന്‍ അവിടെ ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
നേരത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് മുന്‍തൂക്കം ലഭിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ആശയ കുഴപ്പമില്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് നേട്ടമാണ്. ഇടതുപക്ഷത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പമുണ്ടെന്നും രാഹുല്‍ പറഞ്ഞു. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി യുഡിഎഫിന് ഗുണം ചെയ്യും. അന്‍വറിന്റെ നിലപാടുകളും പ്രതികരണങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരത്തെ ആളിക്കത്തിക്കുന്നതാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരായ അവിശ്വാസത്തിന്റെ മെച്ചം യുഡിഎഫിനാണ് ലഭിക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മുഴുവൻ കോൺഗ്രസ് പാർട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാൾ കോൺഗ്രസ് വിട്ട് പോകുന്നത് ശരിയല്ല എന്നുമാണ് രാഹുൽ പറയുന്നത്.
കോൺഗ്രസിനെ കുറിച്ചുള്ള ആശങ്കകൾ പറഞ്ഞൊരു മനുഷ്യനെ, മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കുന്നതിനേക്കാൾ ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ, അയാളുടെ രാഷ്ട്രീയ സത്യസന്ധതയാണ് അയാൾ പറയാതെ ചോദ്യം ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. അതെസമയം കുട്ടി സതീശൻ എന്ന പി സരിൻന്റെ വിശേഷണത്തിൽ സന്തോഷമെന്നും കുട്ടി ഉമ്മൻ ചാണ്ടിയെന്ന് പറഞ്ഞാൽ അത്രയും സന്തോഷമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതോടൊപ്പം സിപിഎം ആവശ്യപ്പെട്ടാൽ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി സരിൻ.
പാര്‍ട്ടി അംഗമാകുന്നതിലും സന്തോഷമേയുള്ളൂ. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
