നരേന്ദ്ര മോദി റഷ്യയിൽ രാഹുൽ ​ഗാന്ധി മണിപ്പൂരിൽ; വിമർശനവുമായി കോൺ​ഗ്രസ്

നരേന്ദ്ര മോദി റഷ്യയിലേക്ക് പോയപ്പോൾ രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം നടത്തി. ഇതിനെ ആയുധമാക്കി മാറ്റി ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി കോൺഗ്രസ് എത്തിരിക്കുകയാണ്. കലാപം നടന്നതിന് ശേഷം രാഹുൽ ഇത് മൂന്നാം തവണയാണ് മണിപ്പൂരിൽ സന്ദർശിക്കാനൊരുങ്ങുന്നതെന്നും എന്നാൽ മോദി ഒരിക്കൽ പോലും മണിപ്പൂരിലെ ജനങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കോൺഗ്രസിന്റെ കുറ്റപ്പെുത്തൽ.

‘ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പൂരിലേക്കും പോകുമ്പോൾ മോദി ഇന്ന് മോസ്കോയിലേക്കാണ് പോകുന്നത്. മോദിയാണ് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിച്ചത് എന്നാണ് മോദിയുടെ ആരാധകർ അവകാശപ്പെട്ടത്. ഈ മോസ്കോ യാത്ര കൂടുതൽ വിചിത്രമായ അവകാശവാദങ്ങളിലേക്ക് നയിക്കും എന്ന കാര്യം ഉറപ്പാണെന്ന്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. ഇത് മൂന്നാം തവണയാണ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് പോകുന്നതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

2023 മെയ് 3 ന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്രയും നാൾ കഴിഞ്ഞിട്ടും കുറച്ച് മണിക്കൂർ പോലും മണിപ്പൂർ സന്ദർശിക്കാൻ മോദിക്ക് സാധിച്ചിട്ടില്ല.മോദി അദ്ദേഹത്തിന്റെ പാർട്ടിക്കാരൻ കൂടിയായ മണിപ്പൂരിലെ മുഖ്യമന്ത്രിയെ കാണാനോ അവിടുത്തെ എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കാണാനോ തയ്യാറായിട്ടില്ല എന്നും ജയറാം രമേശ് വിമർശിച്ചു. ജൂൺ 6 ന് വീണ്ടും സംഘർഷഭരിതമായ ജിരിബാം ഗ്രാമമാണ് രാഹുൽ സന്ദർശിക്കുക.

ഇംഫാലിൽ വിമാനമിറങ്ങിയ ശേഷം അദ്ദേഹം ആദ്യം ചുരാചന്ദ്പൂർ ജില്ലയിലേക്കാണ് പോകുക, ​​അവിടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി അദ്ദേഹം സംവദിക്കും. ചുരാചന്ദ്പൂരിൽ നിന്ന് റോഡ് മാർഗം ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലേക്കും രാഹുൽ പോകും. ഇവിടേയും അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. തുടർന്ന് ഇംഫാലിലേക്ക് മടങ്ങും. ഇവിടെ വെച്ച് ഗവർണർ അനുസൂയ യുകെയുമായി കൂടിക്കാഴ്ച നടത്തും.

രാഹുലിന്റെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. മണിപ്പൂരിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ കണ്ട് അവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയാണ് ലക്ഷ്യമെന്നും പാർട്ടി പറയുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിക്കുന്ന ദിവസം തന്നെ മണിപ്പൂർ സന്ദർശിച്ച് മണിപ്പൂർ വിഷയത്തിൽ ബി ജെ പിയേയും മോദിയേയും കൂടുതൽ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *