മന്ത്രിസഭാംഗങ്ങളോട് ജയിച്ചു വരാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും കാണാമെന്ന ആശംസയും അദ്ദേഹം നല്‍കി. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനയും ആശംസയും നല്‍കിയത്. എട്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ ‘വികസിത ഭാരത് 2047’ ദര്‍ശന രേഖ അവതരിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിയുടെ ചര്‍ച്ചയും യോഗത്തില്‍ നടന്നു.
ജനങ്ങളെ കാണുമ്പോള്‍, പ്രത്യേകിച്ച് തെരഞ്ഞെടുപ്പു കാലത്ത് ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു. വിവാദങ്ങള്‍ ഒഴിവാക്കണം. ഡീപ് ഫെയ്ക്കിനെക്കുറിച്ചും കരുതല്‍ വേണം. പ്രസ്താവനകളില്‍ മിതത്വം വേണമെന്നും സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചാകണം സംസാരിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂണിലെ ബജറ്റില്‍ വികസിത ഭാരത് ദര്‍ശന രേഖയുടെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹം.
ഓരോ മന്ത്രാലയങ്ങളും നൂറു ദിവസത്തെ കര്‍മപദ്ധതി ആവിഷ്‌കരിച്ചത് യോഗത്തില്‍ അവതരിപ്പിച്ചു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ നൂറു ദിവസത്തിനുള്ളില്‍ അതിവേഗം നടപ്പാക്കാനുള്ള പദ്ധതികളാണ് ചര്‍ച്ചയായത്.

 
                                            