കൊല്‍ക്കത്തയില്‍ യുവഡോക്ടറുടെ കൊലപാതകം; ഒ പി ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും. ഇന്ന് മുതല്‍ ഒ പി സേവനങ്ങള്‍ അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം. 24 മണിക്കൂറാണ് ഐഎംഎ ഒപിയും മറ്റ് വാര്‍ഡ് ഡ്യൂട്ടികളും ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്. അടിയന്തര സേവനങ്ങള്‍ മാത്രമാണുണ്ടാകുക.

അതേസമയം ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി ബി ഐ കഴിഞ്ഞ ദിവസം 7 മണിക്കൂറോളം ചോദ്യം ചെയ്തു. കൂടുതല്‍ പേരുടെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് സി ബി ഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ആശുപത്രി ആക്രമിച്ച കേസില്‍ ഇതുവരെ 25 പേരെ കോല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. കേസ് കൊല്‍ക്കത്ത പൊലീസില്‍ നിന്ന് സിബിഐക്ക് കൈമാറി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം സംബന്ധിച്ച് ഒരു വ്യക്തതയും ലബ്ബിച്ചിട്ടില്ലെന്നും ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

31-കാരിയായ പി.ജി. ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ സിവിക് വൊളണ്ടിയറായി ജോലിചെയ്തിരുന്ന സഞ്ജയ് റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാര്‍ ഹാളിലാണ് ചോരയില്‍കുളിച്ച നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

ശരീരമാസകലം മുറിവേറ്റ ഡോക്ടര്‍, ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ സഹായിച്ചത്. തുടര്‍ന്ന് സഞ്ജയ് റോയിയെ ശനിയാഴ്ച തന്നെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപ്പെടുത്തിയശേഷം പ്രതി താമസസ്ഥലത്തേക്ക് മടങ്ങിയെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ ഇയാള്‍ കിടന്നുറങ്ങി. എഴുന്നേറ്റശേഷം കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി. എന്നാല്‍, പ്രതി ധരിച്ചിരുന്ന ഷൂവില്‍ രക്തക്കറ അവശേഷിച്ചിരുന്നു. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഈ ഷൂ കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *