തനിക്കെതിരെ സുപ്രിം കോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടുവെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം ഷാജി പറഞ്ഞു. പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആളാണ്. അയാളുടെ പേര് വെളിപ്പെടുത്തിട്ടില്ല. സൗമ്യനായ മനസിന് ഉടമയാണ് അയാളെന്നും കെഎം ഷാജി പറഞ്ഞു. ദുബായിൽ നിന്ന് തിരിച്ചെത്തിയ ഷാജി കൊച്ചിയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പിണറായിക്കെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു സിപിഐഎമ്മിന്‍റെ ആവശ്യം. എനിക്ക് സിംഗിൾ ചങ്കാണ്, നല്ല നട്ടെല്ലും ആത്മബലവും ഉണ്ട്. തനിക്കെതിരായ കേസിലെ വിധിയില്‍ സുപ്രിം കോടതി മുഖ്യമന്ത്രിയുടെ പിടലിക്ക് പിടിച്ച് തള്ളുകയാണ് ചെയ്തതെന്നും കേസ് വിജയിക്കല്‍ അല്ലായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്നും ഷാജി വിമര്‍ശിക്കുന്നു. പല തവണ കായികമായി ആക്രമിക്കാന്‍ ശ്രമം നടന്നെന്നും ഷാജി ആരോപിച്ചു.
അതേസമയം കെഎം ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന മൊഴികളൊന്നുമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോ എന്ന് സുപ്രീം കോടതി ചോദിച്ചു. 54 സാക്ഷി മൊഴികൾ പരിശോധിച്ചതായും ഇങ്ങനെയെങ്കിൽ എല്ലാ രാഷ്‌ട്രീയക്കാരെയും എളുപ്പത്തില്‍ കേസിൽ പ്രതിയാക്കാമല്ലോ എന്നും കോടതി ചോദിച്ചു. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി ഷാജിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി തള്ളി.
അന്വേഷണം പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റെ വാദം. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്‌ടു അനുവദിക്കാൻ 2014 ൽ കെഎം ഷാജിക്ക് മാനേജ്മെന്‍റ് 25 ലക്ഷം രൂപ കൈക്കൂലി നൽകി എന്നായിരുന്നു ആരോപണം. ഇത് ചൂണ്ടിക്കാട്ടി സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. 2020ലാണ് പരാതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തത്. തുടര്‍ന്ന് ഇഡിയും കേസെടുത്തു.
