തൃശൂർ മിനർവ അക്കാദമി ക്കെതിരെ 500 ലേറെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. അമ്പതിനായിരം മുതൽ 6 ലക്ഷം രൂപ വരെ ഫീസ് വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നത്. അവിടെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികളുടെയും ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്. പാര മെഡിക്കൽസ് വിഭാഗത്തിൽ ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് അക്കാദമി നടത്തിവരുന്നത്. 2007 ലാണ് സ്ഥാപനം നടത്തിവരുന്നതെന്ന് അറിയാൻ കഴിയുന്നത്.
അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് എന്ന് പറഞ്ഞാണ് മിനർവ അധികൃതർ കോഴ്സിന് ചേർക്കുന്നത്. എന്നാൽ ഇവരുടെ സൈറ്റിൽ കയറി നോക്കുമ്പോൾ മാർക്ക് ലിസ്റ്റ് പോലും കിട്ടുന്നില്ല. വിദ്യാർത്ഥികളുടെ ഫോട്ടോയും പഠിക്കുന്ന ഡിപ്പാർട്ട്മെന്റ് മാത്രമാണ് നൽകിയിട്ടുള്ളത്. വിദ്യാർത്ഥികൾ കോഴ്സ് പൂർത്തിയാക്കി ജോലിക്കായി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന സ്ഥലങ്ങളിലെല്ലാം ഇതിന് അംഗീകാരം ഇല്ല എന്നാണ് പറയുന്നത്.
കോഴ്സ് പൂർത്തിയാക്കി ജോലി ലഭിക്കാതെ വന്നതോടെയോണ് സ്ഥാപനത്തിന് അംഗീകാരം ഇല്ല എന്ന് മനസ്സിലാക്കിയത്. പരാതികൾ ഉയർന്നുവന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ല. വിദ്യാർത്ഥികളുടെ രണ്ടുവർഷം അടക്കമാണ് നഷ്ടമായത്. കോഴ്സിനായി നൽകിയ പത്തിലെ സർട്ടിഫിക്കറ്റ് പോലും വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകിയില്ല. സർട്ടിഫിക്കറ്റ് ചോദിക്കുമ്പോൾ മറ്റെവിടെയോണ് വച്ചിരിക്കുന്നത് വേണമെങ്കിൽ അപേക്ഷിക്കണം എന്നൊക്കെയാണ് മിനർവ അധികൃതർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് ആണ് വിദ്യാർത്ഥികൾ കൂട്ടത്തോടെ തൃശ്ശൂർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. തുടർന്ന് മിനർവ അക്കാദമിയുടെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി.

 
                                            