മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഉമാദേവി ദേവി അന്തര്‍ജനം ഭക്തര്‍ക്കു നാഗദൈവങ്ങളുടെ പ്രതിരൂപമായിരുന്നു . പുലര്‍ച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. ഇനി വിളക്ക് തെളിയിക്കാന്‍ അമ്മ ഇല്ല എന്നുള്ളത് ഭക്തരെ വളരെ ദുഃഖത്തിലാഴ്ത്തുന്നു.
ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീ ഉമാദേവി ആയിരുന്നു ‘വലിയമ്മ” എന്ന പേരിലാണ് ഈ പുരോഹിതയായ അന്തര്‍ജ്ജനം അറിയപ്പെടുന്നത്. നാഗരാജാവിന്റെ ”അമ്മയുടെ” സ്ഥാനമാണ് വലിയമ്മക്കെന്നാണ് വിശ്വാസം. ഇല്ലത്തെ മൂപ്പുമുറ അനുസരിച്ചുള്ള കാരണവന്മാര്‍ വേളികഴിച്ചുകൊണ്ടുവന്ന സ്ത്രീകളാണ് അമ്മയായി വാഴിക്കപ്പെടുന്നത്.
ഇല്ലത്തെ നാലുകെട്ടിലായിരുന്നു വലിയമ്മയുടെ താമസം. നിലവറയുടെ സമീപം ഉറക്കം. ഇത് തലമുറകളിലൂടെ കൈമാറി വന്ന വിശ്വാസം. ഇല്ലത്തെ നിലവറയില്‍ ചിരഞ്ജീവിയായി വാഴുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സര്‍പ്പദൈവങ്ങളുടെ സമീപം അമ്മ വേദമന്ത്രോച്ചാരണങ്ങളുമായി കഴിയുന്നു. മണ്ണാറശാലയിലെ വലിയമ്മയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ച സാവിത്രി അന്തര്‍ജ്ജനം 91-മത്തെ വയസ്സില്‍ 1993 ഒക്ടോബര്‍ 24ന് സമാധിയടഞ്ഞതോടെയാണ് അന്നത്തെ ചെറിയമ്മയായ ഉമാദേവി വലിയമ്മയായി അവരോധിക്കപ്പെട്ടത്. കോട്ടയം വാങ്ങാനം ചെമ്പകല്ലൂര്‍ ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും രുഗ്മിണിഅന്തര്‍ജനത്തിന്റെയും മകളായി 1930 കുംഭമാസത്തിലെ മൂലം നാളില്‍ ജനിച്ച ഉമാദേവിയെ 22-മത്തെ വയസ്സിലാണ് മണ്ണാറശാല ഇല്ലത്തെ എം.ജി. നാരായണന്‍ നമ്പൂതിരി വേളി കഴിച്ചുകൊണ്ടുവന്നത്.
ആറുവര്‍ഷത്തെ ദാമ്പത്യത്തില്‍ ഒരുമകള്‍ മാത്രം. ഭര്‍ത്താവിന്റെ മരണശേഷം മുഴുവന്‍ സമയവും അന്നത്തെ ക്ഷേത്ര പൂജാരിണിയായ വലിയമ്മയുടെ സന്തത സഹചാരിയായി കഴിയുകയായിരുന്നു ഉമാദേവി. 34 വര്‍ഷം വലിയമ്മയുടെ എല്ലാക്കാര്യത്തിലും ഒപ്പം നിന്ന ഉമാദേവി 1993 ലെ വിജയദശമിദിനത്തില്‍ വലിയമ്മസ്ഥാനത്തിന്റെ പടിയിലേക്ക് കയറുകയായിരുന്നു.
സ്ത്രീകള്‍ മുഖ്യ പൂജാരിണിയായ ലോകത്തിലെ ഏക ക്ഷേത്രമായ മണ്ണാറശാലയുടെ ചരിത്രത്തിന് കേരളോത്പത്തിയോളം പഴക്കമുണ്ട്
ദമ്പതികളായിരുന്ന വസുദേവനും ശ്രീദേവിയും സന്താനദുഃഖം ഉള്ളിലൊതുക്കി ഈശ്വരഭജനവുമായി കഴിയുകയായിരുന്നു. ഇല്ലത്തിനടുത്തുള്ള കാവിലെ നാഗരാജാവിനെ ആയിരുന്നു ഇവര്‍ പൂജിച്ചു പോന്നിരുന്നത്. ഈ സമയത്താണ് ചുറ്റുമുളള വനത്തില്‍ കാട്ടുതീ പടര്‍ന്നത്. അഗ്‌നിയില്‍ പെട്ട് മരണവെപ്രാളത്തില്‍ വന്ന നാഗങ്ങളെ കണ്ടു ദമ്പതികള്‍ പരിഭ്രമിച്ചുവെങ്കിലും തങ്ങളാല്‍ ആവുന്ന വിധത്തില്‍ പരിചരിച്ചു സംരക്ഷിച്ചു . സര്‍പ്പ പ്രീതിയാല്‍ ശ്രീദേവി അന്തര്‍ജ്ജനം ഗര്‍ഭവതിയാവുകയും രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു . ഒരാള്‍ മനുഷ്യശിശുവും മറ്റെയാള്‍ അഞ്ചുതലയുളള സര്‍പ്പശിശുവും ആയിരുന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നു. സര്‍പ്പശിശു ഇല്ലത്തെ നിലവറയില്‍നാഗരാജാവായി പൂകുകയും ചെയ്തു. ഇവിടെ നാഗരാജാവ് ചിരംജീവിയായി വാഴുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ കുടികൊള്ളുന്നനാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍ മാതാവിന് അവസരം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് ആയില്യം നാള്‍ പൂജ.
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഉരുളികമഴ്ത്തല്‍ വഴിപാട് സന്താനം ലഭിക്കുന്നതിന് കാരണമാകും എന്നാണ് വിശ്വാസം.ത്വക് രോഗങ്ങള്‍ മാറുന്നതിനായി ഇവിടെ നൂറും പാലും നേദിക്കുന്നു. നേത്രരോഗങ്ങള്‍, കുഷ്ഠം, സന്താനദുഃഖം, വെള്ളപ്പാണ്ട് എന്നിവയുടെ ശമനത്തിനാണ് നൂറും പാലും നല്‍കി വരുന്നത്.

 
                                            