പാട്ടുകൾക്ക് ജീവൻ ഉണ്ടെന്ന് തോന്നിപോകുന്ന ആലാപന മികവ്, കഥാപാത്രങ്ങളുടെ ആത്മഭാവം അറിഞ്ഞ ആലാപനമാണ് നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഇന്നു മുന്നേറുന്നത്. പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര.
മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്. തെലുങ്കർക്ക് സംഗീതസരസ്വതിയും ഉത്തരേന്ത്യക്കാർക്ക് പിയ ബസന്തിയും കർണാടകത്തിൽ കന്നഡകോകിലെയുമാണ്. അങ്ങനെ ചിത്രയ്ക്ക് ലഭിച്ച വിശേഷണങ്ങൾ ഏറെയാണ്. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ ബംഗാളി, അസമീസ് തുടങ്ങി പതിനയ്യായിരത്തിലധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.
സംഗീതമായിരുന്നു ചിത്രയുടെ ജീവവായു. സംഗീതജ്ഞനായ അച്ഛൻ കരമന കൃഷ്ണൻനായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകളായി 1963 ജൂലൈ 27ന് ജനനം. അച്ഛനായിരുന്നു ആദ്യഗുരു. ഡോക്ടർ കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീത പഠനം. സംഗീതജ്ഞൻ എം ജി രാധാകൃഷ്ണനാണ് ആകാശവാണിയിലും സിനിമയിലും ചിത്രയെ ആദ്യമായി പാടിച്ചത്. എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ആദ്യ സോളോ ഹിറ്റ്.
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കിൽ ജെറി അമൽദേവ് സംഗീതം പകർന്ന ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയ്ക്ക് അവസരങ്ങളുടെ പെരുമഴയായി. ഇളയരാജയിലൂടെ തമിഴിലുമെത്തി. ആറ് ദേശീയ പുരസ്‌കാരങ്ങൾ, പതിനാറ് സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവ സ്വന്തമാക്കി.
