ലോക്സഭ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് നടത്തുന്നത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം മേയ് 7, നാലാംഘട്ടം മേയ് 13, അഞ്ചാംഘട്ടം മേയ് 20, ആറാംഘട്ടം മേയ് 25, ഏഴാംഘട്ടം ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവടങ്ങളിൽ ഏഴു ഘട്ടത്തിലും വോട്ടെടുപ്പുണ്ട്.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19നും ആന്ധ്രപ്രദേശിൽ മേയ് 13നും നടക്കും. ഒഡീഷ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 13, മേയ് 20, മേയ് 25, ജൂൺ 1 എന്നീ തീയതികളിൽ നാല് ഘട്ടങ്ങളിലായി നടക്കും. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും.
