ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ വെെകീട്ട് മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതോടെയാണ് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ സാന്നിധ്യത്തിലാണ് ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവർ ചുമതലയേറ്റു. നിര്‍ണായക സമയത്താണ് ഇരുവരും ചുമതലയേല്‍ക്കുന്നതെന്നും തെരഞ്ഞെടുപ്പിന് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. പുതിയ കമ്മീഷണര്‍മാര്‍ ചുമതലയേറ്റതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനും തീയതി തീരുമാനിക്കാനും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആദ്യ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ വീണ്ടും വിലയിരുത്തും.

 
                                            