എകെജി സെന്റര്‍ നിര്‍മിച്ചത് ഭൂനിയമം ലംഘിച്ചെന്ന് കുഴല്‍നാടൻ

ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയില്‍ എകെജി സെന്ററിന്റെ നിര്‍മ്മാണമെന്ന് മാത്യു കുഴല്‍നാടന്‍. ചട്ടലംഘനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയ 7 ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് എകെജി സെന്‍ര്‍ ഭൂമി പ്രശ്‌നം മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തുന്നത്. എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാതെ സിപിഎം. കൃഷിക്കും വീടിനും അല്ലാതെയും പട്ടയഭൂമി പ്രത്യേക അധികാരം ഉപയോഗിച്ച് സര്‍ക്കാറിന് പതിച്ചുനല്‍കാമെന്ന വ്യവസ്ഥയുണ്ടെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം.

1977ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ സെന്ററിന് നല്‍കിയ ഭൂമിയെ ചൊല്ലി വര്‍ഷങ്ങളായി വിവാദമുണ്ട്. റവന്യു വകുപ്പിന്റെ 15 സെന്റും കേരള സര്‍വ്വകലാശാലായുടെ 20 സെന്റുമാണ് അന്ന് പഠന ഗവേഷണ കേന്ദ്രത്തിന് നല്‍കിയത്. ഗവേഷണ കേന്ദ്രം പാര്‍ട്ടി ആസ്ഥാനമാക്കി മാറ്റിയതോടെയാണ് വിവാദം തുടങ്ങിയത്. ഭൂമി പതിവ് ചട്ടപ്രകാരം പട്ടയ ഭൂമി കൃഷിക്കും അനുബന്ധ ആവശ്യത്തിനും വീടിനും മാത്രമേ ഉപയോഗിക്കാകൂ എന്നാണ് വ്യവസ്ഥ. ഗസ്റ്റ് ഹൗസെന്ന പേരില്‍ ചട്ടം മറികടന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയെന്ന എംവി ഗോവിന്ദന്റെ ആക്ഷേപത്തിന് ബദലായാണ് പാര്‍ട്ടി സെന്ററിന്റെ നിര്‍മ്മാണം ഉന്നയിച്ചത്. മറുപടി പറയേണ്ടത് ഭൂമി പതിച്ചുനല്‍കിയ ആന്റണിയാണെന്ന് സൂചിപ്പിക്കുന്ന സിപിഎം നേതാക്കള്‍, പക്ഷെ പരസ്യമായ പ്രതികരണത്തിനില്ല.

ഭൂമി പതിവ് ചട്ടങ്ങളുടെ ദുര്‍വ്വിനിയോഗങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ പല ഉത്തരവുകളുണ്ട്. പക്ഷെ സെക്ഷന്‍ 24 നിലനില്‍ക്കെ ഭൂമി പതിവ് ചട്ടങ്ങള്‍ മറികടക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്ന 4-a ചട്ട ഭേദഗതി വരുന്ന നിയമസഭാ സമ്മേളനം പാസാക്കാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *