സ്റ്റീൽ പാത്രത്തിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ. കുടംബശ്രീയുടെ ലഞ്ച് ബെല്ലിലൂടെയാണ് ഈ ആശയം നടപ്പാക്കുക. കുടുംബശ്രീ ഓൺലൈൻ ആപ്പായ ‘പോകറ്റ് മാർട്ട്’ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക.
തുടക്കത്തിൽ ഉച്ചയൂൺ മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുക. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാം.
കുടുംബ ശ്രീ അംഗങ്ങൾ തന്നെയാണ് ഊണ് വിതരണം ചെയ്യുന്നതും. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ച ശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. തുടക്കത്തിൽ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. താമസിയാതെ ഈ പദ്ധതി മറ്റ് ജില്ലകളിലും വ്യാപിപ്പിക്കും.
വൃത്തിയോടെ രുചികരവും ഗുണമേന്മയുമുള്ളതും മായം കലരാത്തതുമായ ഉച്ച ഭക്ഷണം നൽകുന്നു എന്നതാണ് മെച്ചമെന്ന് കുടുംബശ്രീ പറയുന്നു. ഭക്ഷണ വിതരണത്തിൽ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അടുക്കള പ്രവർത്തിക്കുക. ഹരിത മാനദണ്ഡം പാലിച്ചായിരിക്കും പ്രവർത്തനം.

 
                                            