മുഖ്യമന്ത്രിക്ക് ഭീഷിണിയുമായി കെ എം ഷാജി

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയന്‍ സംഘിയാണ്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് കെ എം ഷാജിയുടെ ഭീഷണി. ഇതിന് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം. ചൊറി വന്നവനൊക്കെ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരുന്നൊരു പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ കുത്തിയിരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. മെക്കിട്ട് കയറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കും. ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി വ്യക്തമാക്കി.

ഇന്നലെയാണ് സന്ദീപ് വാര്യര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗിനെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് സന്ദീപ് വാര്യരെ മഹാത്മാവായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഇരുകയ്യും നീട്ടിയാണ് പാര്‍ട്ടി സ്വീകരിച്ചത്. ത്രിവര്‍ണ ഷാളണിഞ്ഞ് വൈകുന്നേരം പാലക്കാട് നഗരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു.

വമ്പന്‍ റോഡ് ഷോയാണ് യുഡിവൈഎഫ് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ആവേശത്തിലാഴ്ന്ന സന്ധ്യാനേരത്തിനാണ് പാലക്കാട് സാക്ഷിയായത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ ഇടത് ക്യാമ്പ് കുത്തിപ്പൊക്കിയത് മുമ്പ് അദ്ദേഹം നടത്തിയ വര്‍ഗീയവും ന്യൂനപക്ഷ വിരുദ്ധവുമായ ചില പരാമര്‍ശങ്ങളാണ്. സന്ദീപിന്റെ വരവ് കൊണ്ട് ബിജെപി വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ സന്ദീപ് എത്തിയത് ന്യൂനപക്ഷങ്ങള്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന് കാരണമാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. തന്റെ മുന്‍കാല പ്രസ്താവനകള്‍ അന്നത്തെ രാഷ്ട്രീയത്തിന്റെ കൂടി ഭാഗമായി വന്നതാണെന്നും ഇപ്പോള്‍ താന്‍ മതേതര ചേരിയിലാണെന്നുമുള്ള പ്രതീതി സന്ദീപ് സൃഷ്ടിച്ചെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *