വർക്കല : അഞ്ചാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്ക് എന്ന കൊച്ചുമിടുക്കന്റെ വലിയ മനസ്സ് കൂട്ടുകാർക്കും നാടിനും മാതൃകയാകുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി വർക്കല പുത്തൻചന്തയിലെ “സ്പ്രിങ് ബഡ്സ്” സിബിഎസ്ഇ സ്കൂൾ വിദ്യാർത്ഥി കാർത്തിക്ക് പി.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയ്ക്ക് പത്തരമാറ്റിന്റെ ശോഭ.
സൈക്കിൾ വാങ്ങാനായി കുടുക്കയിൽ ഇട്ടു കൂട്ടിയ ചില്ലറത്തുട്ടുകൾ സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിന്റെ വേദന അകറ്റാനായി തെല്ലും മടിച്ചു നിൽക്കാതെ ആവേശത്തോടെ വർക്കല എംഎൽഎ അഡ്വ. വി.ജോയിക്ക് കൈമാറിയ കാഴ്ച ഏറെ ശ്രദ്ധേയമായി. മാനവികതയും സഹജീവി സ്നേഹവും വിദ്യാർത്ഥി തലമുറയ്ക്ക് പകർന്നു നൽകാൻ അധ്യാപകർക്കും പൊതുസമൂഹത്തിനും ഒരുപോലെ ബാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വടശ്ശേരിക്കോണം – ആലുംമൂട്, മാവിള വീട്ടിൽ ആട്ടോറിക്ഷാ ഡ്രൈവറും ഇലക്ട്രീഷ്യനുമായ പ്രസീഷ് പി.എസ് ന്റെയും,യു.ജെ ആശയുടെയും ഏക മകനാണ് കാർത്തിക്ക് പി.എ എന്ന ഈ കൊച്ചുമിടുക്കൻ. സാഹിത്യകാരനും, കലാ സാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന ഭാരവാഹിയുമായ അപ്പൂപ്പൻ വടശ്ശേരിക്കോണം പ്രസന്നനും, കുടുംബശ്രീ, അയൽക്കൂട്ടം അംഗമായ അമ്മൂമ്മ ആർ.സ്വർണ്ണമ്മയും ചെറുമകനായ കാർത്തിക്കിന് പ്രോത്സാഹനമായി നൽകിയ നോട്ടുമാലയും ഈ കൊച്ചു മിടുക്കൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി അഡ്വ. വി ജോയി എംഎൽഎ യ്ക്ക് കൈമാറി.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പ്രകടിപ്പിക്കുന്ന കാർത്തിക്ക് നാണയ ശേഖരണം, ചിത്രകല, കരാട്ടെ എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന വർദ്ധിച്ച പിന്തുണയ്ക്ക് അധ്യാപകരോടും, വീട്ടുകാരോടും,കൂട്ടുകാരോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് കാർത്തിക്ക് പറഞ്ഞു. സിപിഎം ചെമ്മരുതി എൽ സി അംഗം രാകേഷ് ബാബു, നവകേരളം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് അഡ്വ. മുബാറക്ക് റാവുത്തർ എന്നിവർ കാർത്തികിന്റെ വസതിയിലെത്തി ഓണസമ്മാനം കൈമാറി.
