വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞ് കമല്‍ഹാസന്‍

ശിവകാര്‍ത്തികേയന്‍ നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം അമരന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്‍റെ ഫോണ്‍ നമ്പര്‍ ചിത്രത്തിലെ ഒരു കഥാപാത്രത്തിന്‍റേതായി കാണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും വി വി വാഗീശന്‍ എന്ന വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ രാജ് കമല്‍ ഫിലിംസ്.

കുട്ടിയോട് അസൗകര്യത്തിൽ മാപ്പ് പറയുന്നെന്നും ചിത്രത്തില്‍ നിന്ന് വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ നീക്കിയെന്നും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. എന്നാല്‍ നിർമ്മാതാക്കളുടെ പ്രതികരണം വൈകിയെന്നാണ് വാഗീശന്‍റെ പ്രതികരണം. നവംബർ ആറിനാണ് വാഗീശന്‍ അമരന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ചിത്രത്തില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്‍റെ ഫോണ്‍ നമ്പരായി കാണിച്ചിരിക്കുന്നത് വാഗീശന്‍റെ നമ്പരായിരുന്നു.

സിനിമ ഇറങ്ങിയ ശേഷം തന്‍റെ നമ്പ‍രിലേക്ക് തുടര്‍ച്ചയായി കോളുകളെത്തുകയാണെന്നും ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്നും വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

മേജര്‍ മുകുന്ദ് വരദരാജന്‍റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കുന്ന ചിത്രമാണ് അമരന്‍. മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ സ്ക്രീനില്‍ എത്തിയിരിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, ആര്‍ മഹേന്ദ്രന്‍, വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയവുമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *