റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണവുമായി പി സി വിഷ്ണുനാഥ്. എ ഐ റോഡ് ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഉപകരാർ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇതു സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ അഴിമതിയാണ് റോഡ് ക്യാമറ പദ്ധതിയെന്ന് വിഷ്ണുനാഥ് പറഞ്ഞു. പദ്ധതി കെൽട്രോണിനെ ഏൽപ്പിച്ചപ്പോൾ ധനകാര്യവകുപ്പ് നോൺ പി എം സി വർക്കാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായി ഇപ്പോൾ പിഎംസി വർക്കാണ് ഏൽപ്പിച്ചിരിക്കുന്നത്.
ഇതുപോലുള്ള പദ്ധതികൾ നടത്തി മുൻ പരിചയം ഇല്ലാത്ത കെൽട്രോൺ 70-80 കോടി ചെലവുള്ള പദ്ധതിക്ക് വേണ്ടി 232 കോടിയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്. ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി എസ് ആർ ടി, അശോക ബിൽകോൺ, അക്ഷര എന്നീ കമ്പനികൾ ചേർന്ന് കാർട്ടൺ രൂപീകരിച്ച് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കരാർ നേടിയെടുത്തു.
സുപ്രധാനമായ കരാറുകൾക്ക് ഉപകരാറുകൾ നൽകാൻ പാടിരുന്ന വ്യവസ്ഥ ലംഘിച്ചു കൊണ്ടാണ് എസ് ആർ ടി എല്ലാ കാര്യങ്ങൾക്കും ഉപകരാർ കൊടുത്തത്. ഇങ്ങനെ ഉപകരാർ ലഭിച്ച അൽ ഹിന്ദ് പ്രസാദിയോ എന്ന കമ്പനിക്ക് കമ്മീഷൻ ഇനത്തിൽ ഒൻപത് കോടി രൂപ ലഭിച്ചു. ഈ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിഷ്ണുനാഥിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ മകനെ കുറിച്ചുള്ള പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.
