കോൺഗ്രസുകാരെ മുഴുവൻ വട്ടം കറക്കി ബി ജെ പിയിലെത്തിയ പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന.
ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം ഉടൻ പദവി ഒഴിഞ്ഞേക്കും. ഈ സാഹചര്യത്തിലാണ് പത്മജയുടെ പേര് പരിഗണിക്കുന്നതെന്നാണ് വിവരം. അതേസമയം തനിക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പത്മജ പ്രതികരിച്ചത്. പലയിടത്ത് നിന്നും ഇത്തരത്തിൽ വാർത്തകൾ കേൾക്കുന്നുണ്ട്. ബി ജെ പി എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് പത്മജ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു കോൺഗ്രസിന് കനത്ത ആഘാതം നൽകി പത്മജ കോൺഗ്രസ് വിട്ടത്. പാർട്ടിയിൽ നിന്ന് തുടർച്ചയായ അവഗണന നേരിട്ടതിനാലാണ് കോൺഗ്രസ് വിടാൻ തീരുമാനിച്ചതെന്നായിരുന്നു അവർ പറഞ്ഞത്. തന്നെ സ്വന്തം പാർട്ടിക്കാർ ദ്രോഹിച്ചുവെന്നും തന്നെ ദ്രോഹിച്ചവർക്കെതിരെ പരാതി പറഞ്ഞിട്ടും നേതൃത്വം മൗനം പാലിച്ചെന്നും പത്മജ ആരോപിച്ചിരുന്നു.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വനിതാ വിഭാഗം നേതാവുമായിരുന്നു. ലീഡർ കെ.കരുണാകരൻ്റെയും കല്യാണികുട്ടിയമ്മയുടേയും രണ്ടാമത്തെ മകളായി 1960 ഒക്ടോബർ 27 ന് തൃശൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ ബി.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
1996-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ പത്മജ വേണുഗോപാൽ 2001-ൽ കേരള ടൂറിസം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ആയിട്ടാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു.

 
                                            