കഴിഞ്ഞ ദിവസം നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടൊരു പോസ്റ്റ് ക വലിയ ചർച്ചയായിരുന്നു. ‘ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’ എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്.
ശക്തമായ കാറ്റിലും മഴയിലുമാണ് ഓർക്കാട്ടേരിയിലേക്ക് സ്വർണ്ണ നിറത്തിലുള്ള ഒരു കുടം വീണത്.എവിടെ നിന്നാണ് ഇത് വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഫോടക വസ്തുവല്ലെന്ന് ബോംബ് സ്ക്വാഡ് സ്ഥിതീകരിച്ചതിന് പിന്നാലെയാണ് പുരാവസ്തു വകുപ്പ് കുടം പരിശോധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുടമാണ് ഇതെന്ന് കണ്ടെത്തിയത്.
അന്വേഷണത്തിൻ്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്കുള്ളിൽ ഉടമസ്ഥർ കുടം തങ്ങളുടേതാണെന്ന് തെളിയിക്കുന്ന മതിയായ രേഖകളോടെ ഓർക്കാട്ടേരി പോലീസ് സ്റ്റേഷനിൽ എത്തേണ്ടതാണ്. ഇല്ലാത്തപക്ഷം പുരാവസ്‌തു വകുപ്പ് കുടത്തിന്റെ മൂല്യം നിശ്ചയിച്ചു സർക്കാരിലേക്ക് കണ്ടുകെട്ടുന്നതായിരിക്കും എന്നിങ്ങനെയാണ് പോസ്റ്റ്.
കാലന്റെ തങ്കക്കുടം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം പങ്കിട്ടത്. തങ്കകുടത്തിന്റെ ഉടമസ്ഥർ വരുന്നു. കുറച്ചു ദൂരമുള്ളതിനാൽ വരാൻ കാലതാമസമുണ്ടാകുമെന്നും, “തങ്കകുടം ” പോലിസ് സ്റ്റേഷനിൽ അല്ല ഏതു പാതാളത്തിൽ ആണെങ്കിലും അവർ വന്ന് എടുക്കുമെന്നുമുള്ള വിവരം ലഭിച്ചതായി, ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയിപ്പ് കിട്ടി’, എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
നിതിഷ് കെടിആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. സൈജു കുറിപ്പ്, അജു വർഗീസ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, വിജയ് ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമ്മാണം.

 
                                            