78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ ഇരിപ്പിടം നാലാം നിരയിൽ. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയത്. ഇത് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോൾ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്.
ഒളിംപിക്സ് കായിക താരങ്ങൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്.
പ്രതിപക്ഷ നേതാക്കൾക്ക് ഒന്നാം നിരയിൽ സീറ്റ് അനുവദിക്കുന്നതാണ് പതിവ്. മന്ത്രിമാരായ നിർമ്മല സീതാരാമൻ, ശിവരാജ് ചൌഹാൻ, അമിത് ഷാ, എസ് ജയ്ശങ്കർ എന്നിവർക്ക് ഒന്നാം നിരയിലായുന്നു. ഇവരുടേതിന് തുല്യമായി കാബിനറ്റ് റാങ്ക് ഉള്ളതാണ് പ്രതിപക്ഷ നേതാവിന്റെ പദവി. വാജ്പേയി മന്ത്രിസഭയുടെ കാലത്തും പ്രതിപക്ഷ നേതാവിന് ഒന്നാം നിരയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നൂറിലേറെ സീറ്റ് ലഭിച്ചതോടെയാണ് പത്ത് വര്‍ഷം ഒഴിഞ്ഞിരുന്ന പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ എത്തിയത്. 52 സീറ്റില്‍നിന്നാണ് കോണ്‍ഗ്രസിന് ഇത്തവണ ജനസമ്മതി മെച്ചപ്പെടുത്താനായത്. ജൂണ്‍ 25-നാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവായി ചുമതലയേറ്റത്.
ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം. കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ എല്ലാ ഇന്ത്യക്കാര്‍ക്കും രാഹുല്‍ഗാന്ധി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യമെന്നത് കേവലമൊരു വാക്കല്ലെന്നും ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഇഴചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്നും എക്‌സില്‍ പ്രതിപക്ഷ നേതാവ് കുറിച്ചു.
