‘ഭാര്യ ജോലി ചെയ്താൽ കുടുംബം തകരും’; ക്രിക്കറ്റ് താരം തൻസീം ഹസൻ ഷാക്കീബ്

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തന്‍സിം ഹസന്‍ ഷാകിബാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. നിരവധി സ്ത്രീവിമോചന പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ്.

‘ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ അവളുടെ സൗന്ദര്യം നഷ്ടമാകും. ഭാര്യ ജോലി ചെയ്താല്‍ കുടുംബം തകരും. ഭാര്യ ജോലി ചെയ്താല്‍ സമൂഹം നശിക്കും.’ എന്നിങ്ങനെയായിരുന്നു പോസ്റ്റ്.

കഴിഞ്ഞ വര്‍ഷമാണ് തന്‍സിം ഹസന്‍ വിവാദ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ഒരു യൂണിവേഴ്‌സിറ്റിയിലെ പുരുഷ സുഹൃത്തുക്കളുമായി സ്വതന്ത്രമായി ഇടപഴകിയ സ്ത്രീയെ’ വിവാഹം കഴിച്ചാല്‍ മക്കള്‍ക്ക് എളിമയുള്ള’ അമ്മ ഉണ്ടാകില്ലെന്ന് മറ്റൊരു പോസ്റ്റില്‍ തന്‍സിം അഭിപ്രായപ്പെട്ടിരുന്നു.

വിവാദ പരാമര്‍ശങ്ങളില്‍ തന്‍സിമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടെന്നും, അന്വേഷണം നടക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 20 കാരനായ തന്‍സിം ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ചിരുന്നു. രോഹിത് ശര്‍മ്മയെ പുറത്താക്കുകയും ചെയ്തിരുന്നു. താരം 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *