തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര പണം വേണം?

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അഥവാ ഇസിഐ ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന തുകയ്ക്ക് ഒരു പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ൽ ആണ് ഈ പരിധി അവസാനമായി പുതുക്കി നിശ്ചയിച്ചത്. വലിയ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് 95 ലക്ഷം രൂപ വരെ ചെലവഴിക്കാം എന്നാണ് കണക്ക്. ഇനി ചെറിയ സംസ്ഥാനമാണെങ്കിൽ സ്ഥാനാർത്ഥിക്ക് പരമാവധി 75 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പിനായി ചെലവഴിക്കാൻ സാധിക്കുക. ഇതിൽ വലിയ സംസ്ഥാനങ്ങളിൽ നിന്നും മത്സരിക്കുന്നവർക്ക് 40 ലക്ഷം രൂപ വരെ വിതരണം ചെയ്യാനും കഴിയും.എന്നാൽ ചെറിയ സംസ്ഥാനങ്ങൾ ഇതിന്റെ പരിധി 28 ലക്ഷം രൂപയാണ്.

ഓരോ സ്ഥാനാർത്ഥിയുടെയും നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതു മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെയുള്ള ചെലവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി കണക്കാക്കുന്നതാണ്. പൊതുയോഗങ്ങൾ, റാലികൾ, പരസ്യങ്ങൾ, ലഘുലേഖകൾ, പ്രചാരണ സാമഗ്രികൾ തുടങ്ങിയവയ്ക്കായി ചെലവഴിച്ച തുക ഇതിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി മാത്രം സ്ഥാനാർത്ഥികൾ പ്രത്യേകമായി ഒരു ബാങ്ക് അക്കൗണ്ട് എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 10 എ പ്രകാരം, വ്യാജ അക്കൗണ്ട് എടുക്കുകയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിക്കപ്പുറം പണം ചെലവഴിക്കുകയോ ചെയ്ത സ്ഥാനാർത്ഥിയെ മൂന്ന് വർഷം വരെ തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കിക്കൊണ്ട് നടപടിയും സ്വീകരിക്കാം. തിരഞ്ഞെടുപ്പ് പൂർത്തിയായി 30 ദിവസത്തിനകം ഓരോ സ്ഥാനാർത്ഥികളും തങ്ങൾ ചെലവഴിച്ച തുകയുടെ വിശദവിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഈ പരിധിയും നിയമവും നിലനിന്നിട്ടും എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർത്ഥികളും ഈ നിശ്ചിത തുകയ്ക്ക് അപ്പുറമാണ് പലപ്പോഴും ചെലവഴിക്കുന്നത് എന്നതും വാസ്തവമാണ്.

ഇനി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനോടൊപ്പം ഒരു നിശ്ചിത തുക സെക്യൂരിറ്റിയായി പോളിംഗ് പാനലിൽ കെട്ടിവയ്ക്കണം. ഇതിൽ പൊതു സ്ഥാനാർത്ഥികൾ കെട്ടിവയ്ക്കേണ്ടത് 25000 രൂപയും പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥികൾ 12,500 രൂപയുമാണ് നൽകേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ ആകട്ടെ പൊതുവിഭാഗത്തിൽപ്പെട്ടവർ 10,000 രൂപയും എസ്‌സി/എസ്ടി സ്ഥാനാർത്ഥികൾ 5000 രൂപയും കെട്ടിവയ്ക്കണം.

എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സ്ഥാനാർഥിയ്ക്ക് ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഔദ്യോഗിക ചെലവ് 1,264 കോടിയും കോൺഗ്രസിന്റേത് 820 കോടിയുമാണെന്നാണ് റിപ്പോർട്ട്‌.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്റെ പക്കൽ പണമില്ലെന്നും അതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിരസിച്ചെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിജെപി അധ്യക്ഷൻ ജെപി നദ്ദ തനിക്ക് ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്‌നാട്ടിൽ നിന്നോ മത്സരിക്കാൻ അവസരം നൽകിയിരുന്നെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *