സര്‍ക്കാര്‍ ഓഫിസിലെ റീല്‍സ്; എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചത്തിന്റെ പേരിൽ എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ആ​ദ്യം മികച്ച പ്രതികരണമാണ് ലഭിച്ചങ്കിലും അതിനുശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് നൽക്കാൽ നിർദ്ദേശം നൽകിയത്.

ദേവദൂതന്‍ എന്ന സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിനൊപ്പം മനോഹരമായ അഭിനയമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചത്. റീല്‍സ് പോസ്റ്റ് ചെയ്തതോടെ അഭിനന്ദനങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങി. പക്ഷേ ചട്ടപ്രകാരം സര്‍ക്കാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റീല്‍സ് ചെയ്തത് സര്‍വീസ് റൂള്‍സിന് വിരുദ്ധമെന്നാണ് തിരുവല്ല നഗരസഭാ സെക്രട്ടറി പറയുന്നത്. ഇതു പ്രകാരമാണ് വനിതാ ജീവനക്കാര്‍ അടക്കം എട്ടു പേര്‍ക്ക് നഗരസഭാ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും അത് തൃപ്തികരം അല്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് തടസമുണ്ടാകാതെ ഓഫിസമയത്തിനു ശേഷമാണ് റില്‍സ് എടുത്തതെങ്കില്‍ പ്രശ്‌നങ്ങളില്ലെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *