കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ രേഖയാണിപ്പോള്‍ പുറത്തുവന്നത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചു. രേഖയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന് വ്യക്തമാവുകയാണ്.
അതേസമയം, സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു.
അതെസമയം പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിർദേശം നൽകിയത്. ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്.

 
                                            