തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നലെ കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിർവഹിക്കാനാണ് എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേടൊപ്പം ഇന്ദിരാ ഗാന്ധിയെ കുറിച്ചും സുരേഷ് ഗോപി സംസാരിച്ചിരുന്നു. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര മന്ത്രി എന്ന പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് മുരളീ മന്ദിരത്തിൽ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
2019ൽ തൃശൂരിൽ സ്ഥാനാർത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തിൽ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാൽ അന്നത് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. തന്റെ പാർട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കൂടാതെ തൃശ്ശൂർ ലൂർദ് പള്ളിയിലെത്തി മാതാവിന് സ്വർണ കൊന്തമാല പൂമാലയും സമർപ്പിച്ച സുരേഷ് ഗോപി, പിന്നീട് നന്ദിസൂചകമായി ‘നന്ദിയാൽ പാടുന്നു എന്ന ഗാനവും ആലപിച്ചു. അൽപസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉൽപനങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിർവ്വഹണത്തിന്റെ മുദ്രകൾ മാത്രമാണ് ഇത്.

 
                                            