മുഖ്യമന്ത്രിയുടെ വിദേശയാത്രയെ സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ രംഗത്തെതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയതെന്നും അതിലെന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുന്നത്. ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്? വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. മറ്റുള്ളവരുടെ പ്രസ്തവാനകൾ കേട്ടാൽ അദ്ദേഹം ബഹിരാകാശത്തേക്കാണെന്ന് തോന്നും. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ദിവസത്തോളം ഒരുദിവസം നാല് മണിക്കൂര്‍ വെച്ച് പ്രസംഗിച്ചു. ആ വിധത്തില്‍, താങ്ങാന്‍ പറ്റാത്തവിധം സ്‌ട്രെയിനെടുത്ത ഒരാളെ ഒന്നുവിശ്രമിക്കാന്‍ അനുവദിക്കുന്നതിന് എന്താണിത്ര ബുദ്ധിമുട്ട്? ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതില്‍ ഇല്ലാത്ത എന്ത് വിവാദമാണിതില്‍ ഉള്ളത്. സ്വകാര്യ യാത്രകള്‍ക്ക് എവിടുന്നാണ് പണം എന്നാണ് സുധാകരന്റെ ചോദ്യം. വിദേശത്തേക്ക് പോകാൻ ഇപ്പോൾ വലിയ ചെലവ് ഒന്നുമില്ല. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം ഉള്ള മുഖ്യമന്ത്രിക്ക് അതിനെന്താ ബുദ്ധിമുട്ടെന്നും അദ്ദേഹം വിമർശിച്ചു. കെ സുധാകരൻ ഉപയോഗിച്ച വാക്കിനൊന്നും മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് സ്വകാര്യസന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവ കേരള സദസിലും ലോക്സഭാ ഇലക്ഷനുമെല്ലാം മുഖ്യമന്ത്രി നേരിട്ട് എത്തി ജനങ്ങളെ കണ്ടു. മുഖ്യമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ല. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ആളുകൾക്ക് താല്പര്യം. വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് പകരം സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ ഇനി. മെയ് ആറിന് ആരംഭിച്ച് 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തില്‍ മടങ്ങിയെത്തുകയും ചെയ്യും. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാല്‍ അത്തരം അറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
