യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്ത ദ്വീപ്. ആധുനിക ലോകത്ത് ഇങ്ങനെ ഒരു സ്ഥലമോ. സമാധാനത്തിനും ശാന്തതയ്ക്കും പേരുകേട്ട ഗ്രീക്കിലെ ദ്വീപാണ് ഈദ്ര. ലോകപ്രശസ്തമായ റോഡ്സ് ദ്വീപ് മുതല്‍ ചരിത്രപ്രസിദ്ധമായ ക്രീറ്റും പറോസും വരെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നിരവധി ദ്വീപുകള്‍ ഗ്രീക്കിലുണ്ട്. അക്കൂട്ടത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ദ്വീപാണ് ഈദ്ര . ലോകത്തിലെവിടെ ചെന്നാലും കേള്‍ക്കുന്ന മോട്ടോര്‍ വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം ആയിരക്കണക്കിന് ജനങ്ങള്‍ ജീവിക്കുന്ന ഈ ദ്വീപില്‍ കേള്‍ക്കില്ലെന്നതാണ് ഈദ്രയെ വ്യത്യസ്തമാക്കുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ ഇവിടെ നിരോധിച്ചിരിക്കുകയാണ്.
കാഴ്ചയില്‍ മറ്റേത് ഗ്രീക്ക് ദ്വീപിനെയും പോലെത്തന്നെയാണ് ഈദ്രയും.വെളുത്ത നിറം പൂശിയ കെട്ടിടങ്ങള്‍, ഒട്ടും മലിനമല്ലാത്ത അന്തരീക്ഷം, അതിമനോഹരമായ ചെറു നഗരങ്ങളും നടപ്പാതകളും, ചുറ്റിലും കടുംനീല നിറത്തിലുള്ള കടല്‍. വ്യത്യാസം കുതിച്ചുപായുന്ന മോട്ടോര്‍ കാറുകളെ ഇവിടെ കാണാന്‍ കഴിയില്ല എന്നതാണ്. പകരം കുതിരകളും കഴുതകളും കോവര്‍ കഴുതകളുമൊക്കെയാണ് തദ്ദേശീയരുടെ ഗതാഗത മാര്‍ഗങ്ങള്‍. എന്നാല്‍ തീരെ മോട്ടോര്‍ വാഹനങ്ങള്‍ ഇല്ലെന്നല്ല. ഫയര്‍ എഞ്ചിനുകള്‍, ഗാര്‍ബേജ് ട്രക്കുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്.
മോട്ടോര്‍ വാഹനങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു കാലഘട്ടത്തിലേക്ക് തിരിച്ചുപോയ അനുഭൂതിയാണ് ഈദ്രയില് സഞ്ചാരികളെ കാത്തിരിക്കുന്നത്. ദ്വീപിന്റെ സൗന്ദര്യത്തോളം തന്നെ സഞ്ചാരികളെ ഹൈഡ്രയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്നും ഇതാണ്. ദ്വീപ് സന്ദര്‍ശിക്കാനായി ഫെറിയില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ക്ക് ചുറ്റിക്കറങ്ങാനായി ഇഷ്ടാനുസരണം കുതിരയെയോ കഴുതയെയോ തിരഞ്ഞെടുക്കാം. കുതിരകളും കഴുതകളും ഇന്നീ ദ്വീപിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. യാത്ര ആവശ്യങ്ങള്‍ക്ക് പുറമെ ചരക്കുഗതാഗതത്തിനും ഇവയെ തന്നെ ആശ്രയിക്കുന്നു. രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന ഈദ്രയിലെ ജനങ്ങളും ഇതില്‍ ഒരു പരാതിയും ഇല്ലാതെ ഇവിടെ ജീവിക്കുന്നു.
ഈദ്രയുടെ ഈ ശാന്തതയില്‍ ആകൃഷ്ടരായി ഈ ദ്വീപിനെ പ്രണയിച്ചവരില്‍ ഹോളീവുഡ് താരം സോഫിയ ലോറനെ പോലുള്ളവരും ഉള്‍പ്പെടുന്നു. നിരവധി കലാകാരന്മാര് ഹൈഡ്രയുടെ പ്രശാന്തതിയില് ജീവിക്കാനായി എത്തുന്നു. വിഖ്യാത കനേഡിയന്‍ സംഗീതജ്ഞന് ലിയനാര്‍ഡ് കോഹനും ഏറെനാള്‍ ഹൈഡ്രയില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ലോകപ്രശസ്ത ഗാനമായ ബേഡ് ഓണ്‍ ദ വയര്‍ കോഹന് രചിച്ചത് ഈ ദ്വീപില്‍ താമസിക്കുമ്പോഴായിരുന്നു. എ ഗേള്‍ ഇന്‍ ബ്ലാക്ക്, ബോയ് ഓണ്‍ എ ഡോള്‍ഫിന്‍ എന്നീ പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ചതും ഇവിടെയാണ്.
ഏതന്‍സില്‍ നിന്ന് ഫെറി മാര്‍ഗം ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഹൈഡ്രയിലെത്താം. ബീച്ച് ആക്ടിവിറ്റികള്‍ക്ക് പുറമെ മനോഹരമായ നിരവധി മ്യൂസിയങ്ങളും ദ്വീപിലുണ്ട്. ഗ്രീക്ക് കടല്‍ വിഭവങ്ങള്‍ രുചിക്കാന്‍ പറ്റുന്ന നിരവധി റെസ്റ്റോറന്റുകളും കഫേകളുമാണ് മറ്റൊരു പ്രത്യേകത.

 
                                            