മോദിയെ ‘ഫന്റാസ്റ്റിക്’ എന്ന് പറഞ്ഞുകൊണ്ട് ഡോണള്‍ഡ് ട്രംപ്

യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലായിരിക്കും കൂടിക്കാഴ്ച. മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്‌നിന് ഇടയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി മോദി ‘ഫന്റാസ്റ്റിക് ‘ ആണെന്നും മികച്ച മനുഷ്യന്‍ ആണെന്നും പറഞ്ഞ ട്രംപ് അദ്ദേഹം അടുത്തയാഴ്ച തന്നെ കാണാന്‍ വരുന്നുണ്ടെന്നും വ്യക്തമാക്കി.

അതേസമയം വ്യാപാര ബന്ധങ്ങള്‍ വളരെയധികം ദുരുപയോഗം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്ന് ട്രംപ് വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇറക്കുമതിയെ കുറിച്ച് ഊന്നിപ്പറഞ്ഞു കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള തിയതികളിലാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. 23 വരെ യുഎസില്‍ തങ്ങുന്ന അദ്ദേഹം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഒരു പരിപാടിയിലും സംസാരിക്കും. ഡെലാവെയറിലെ വില്‍മിങ്ടണിലാണ് ക്വാഡ് ഉച്ചകോടി. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാലു രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ക്വാഡ്.

അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണ് ട്രംപ് കാത്തുസൂക്ഷിച്ചിരുന്നത്. ഹൂസ്റ്റണിൽ നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൌഡി മോഡി’ എന്ന പരിപാടി ഇതിന് ഉദാഹരണമായിരുന്നു. ഇതിന് ശേഷം ഇന്ത്യയിലെത്തിയ ട്രംപിനെ ‘നമസ്തേ ട്രംപ്’ എന്ന പരിപാടിയിലൂടെയാണ് മോദി സ്വാഗതം ചെയ്തത്. ചൈനയുടെ സ്വാധീനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ രംഗത്തെ സഹകരണത്തിന് ട്രംപും മോദിയും വലിയ പ്രാധാന്യം നൽകിയിരുന്നു. പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുരാജ്യങ്ങളുടെയും നിലപാട് ഇക്കാലയളവിൽ നിർണായകമായി. മോദിയുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യവും ട്രംപിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *