തിയറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ട് വികാരനിർഭരനായി സംവിധായകൻ ഷാജി കൈലാസിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത ആ ചിത്രം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. കൂട്ടുകാർക്കൊപ്പം അഗസ്ത്യാർകൂടത്തിലേക്ക് ടൂര്‍ പോയപ്പോൾ ഡാമിൽ വീണു മരിച്ച ജേഷ്ഠന്റെ ഓർമ്മകളാണ് ഷാജി കൈലാസിന് ചിത്രത്തിലൂടെ ഓർമ്മ വന്നത്.
കൂട്ടുകാർക്കൊപ്പം മല കണ്ട് ഇറങ്ങുന്നതിനിടയിൽ കാൽവഴി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെട്ടെന്നാണ് തന്റെ വീടൊരു മരണവീടായി മാറിയത്. സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടമാകുന്നവരുടെ വേദന എത്ര വലുതാണെന്ന് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ കഴിയൂ എന്നും ഷാജി കൈലാസ് പറയുന്നു. മഞ്ഞുമ്മൽ ബോയ്സ് കണ്ടുകഴിഞ്ഞപ്പോൾ ആ വേദന ഒരിക്കൽക്കൂടി താൻ അനുഭവിച്ചു എന്നും അദ്ദേഹം പറയുന്നു.
അത്രയ്ക്ക് മനോഹരമായയാണ് ഇതിൽ അഭിനയിച്ചവരും അണിയറ പ്രവർത്തകരും ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകർ മറന്നു പോകും. കാണുന്നവർക്ക് അവരുടെ സ്വന്തം ജീവിതത്തിൽ എവിടെയോ സംഭവിച്ച ഒരു അനുഭവത്തിന്റെ നേർക്കാഴ്ചയാണെന്നത് തോന്നിപ്പോകും. ആ കാഴ്ചയാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് അക്കൂട്ടത്തിൽ താനും ഉണ്ടെന്ന് ഷാജി കൈലാസ് പറഞ്ഞു. എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല അത്രയും നല്ലൊരു സിനിമയാണെന്നും ഒരുപാട് ദൂരം മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
