സംസ്ഥാനത്ത് ക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച. കഴിഞ്ഞ 3 വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ 25 പേരെ മാത്രമാണ് പിടികൂടാനായത്. പരോളില്‍ ഇറങ്ങി മുങ്ങിയവരും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം ക്രിമിനലുകളുടെ കാര്യത്തിലാണ് പൊലീസ് ഗുരുതര അനാസ്ഥ കാട്ടുന്നത്.
സംസ്ഥാനത്ത് സ്ഥിരം കുറ്റവാളികളെ കണ്ടെത്താനും ജയില്‍ ചാടിയവരെ പിടികൂടാനും സുശക്തമായ സംവിധാനങ്ങളുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വാദം. എന്നാല്‍ കോഴിക്കോട് പേരാമ്പ്ര നൊച്ചാട് അനു എന്ന 26കാരിയെ കൊന്ന സംഭവത്തിൽ സ്ഥിരം കുറ്റവാളിയായ മുജീബ് റഹ്മാന്റെ സംഭവം ഇതിനു ഉദാഹരണമാണ്. ഇക്കാര്യം ശരിവയ്ക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുറ്റവാളികളെ നിരീക്ഷിക്കാനും പ്രത്യേക രജിസ്റ്ററും സംവിധാനങ്ങളും പൊലിസിന്‍റെ പക്കലുണ്ട്. എന്നാല്‍ ഇക്കാര്യത്തിൽ പൊലീസ് സംവിധാനങ്ങള്‍ എത്ര കണ്ട് പരാജയമാമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
