ഇലക്ടറൽ ബോണ്ടില്‍ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതോടെ ബിജെപിക്കെതിരെ ആരോപണങ്ങളുന്നയിച്ചും പുറത്ത് വന്ന വിവരങ്ങൾ സംശയമുന്നയിച്ചും കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2018 മാർച്ച് മാസമാണ് എസ് ബി ഐ ഇലക്ടറൽ ബോണ്ട് തുടങ്ങിയത്. എന്നാൽ 2019 മുതലുളള വിവരങ്ങൾ മാത്രമാണ് പുറത്ത് വിട്ടതെന്ന് ജയറാം രമേശ് ആരോപിച്ചു. 2018 അടക്കമുളള 2500 കോടിയോളം രൂപയുടെ വിവരങ്ങള്‍ പുറത്ത് വന്ന ലിസ്റ്റിൽ ഇല്ലെന്ന് ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിൽ 95 ശതമാനം ബോണ്ടും ബിജെപി പിടിച്ചെടുത്തതാണ്. ആരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. ബോണ്ടുകളുടെ ഐഡി വിവരങ്ങളും പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബിജെപിയുടെ അഴിമതി തന്ത്രങ്ങള്‍ വെളിപ്പെട്ടുവെന്ന് ജയ്റാം രമേശ് ആരോപിച്ചു. ചില കമ്പനികള്‍ക്ക് ചില പദ്ധതികള്‍ക്കുവേണ്ടിയുളള സർക്കാർ അനുമതി ലഭിച്ച സമയത്താണ് കോടികള്‍ സംഭാവന നല്‍കിയത്. അതായത് സർക്കാർ അനുമതി ലഭിച്ചതിന്റെ പാരിദോഷികമായി പണം നൽകി. റെയ്ഡ് നടത്തി ചിലരില്‍ നിന്ന് ഹഫ്ത പിരിച്ചു. കള്ളപ്പണം വെളുപ്പിക്കലും ബോണ്ടിലൂടെ നടന്നുവെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേർത്തു.

 
                                            