വയനാട്ടിലെ ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിലെ ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 40 ശതമാനം മുതൽ 60 ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് 50000 രൂപ നൽകും. 60 ശതമാനത്തിലധികം വൈകല്യം വന്നവർക്ക് 75000 രൂപ. മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് സഹായം നൽകും. കൂടാതെ ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപയും നൽകും.

ദുരിതബാധിതർക്ക് വാടകവീടിലേക്ക് മാറാൻ പ്രതിമാസം 6000 രൂപ നൽകും. ബന്ധുവീടുകളിൽ കഴിയുന്നവർക്കും രൂപ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സ്പോൺസർഷിപ്പ് കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. രേഖകൾ നഷ്ടമായവർക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നടപടി പൂർത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

118 പേരെ ഡിഎൻഎ പരിശോധനയിൽ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്‍റെ സമഗ്ര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂവിനിയോഗ രീതികൾ ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. വിശദമായ ലിഡാർ സർവേ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *