ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് വിവാദത്തില്‍ ചോദ്യങ്ങളുമായി ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറാം. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഇനി എന്നാണ് പണം നല്‍കുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനോട് ജെറാമിന്റെ ചോദ്യം. പരിപാടിയിൽ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് പണം നല്‍കിയില്ലെന്ന കാര്യം തന്നെ അമ്പരപ്പിച്ചെന്നും ജെറാം എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഈ വാര്‍ത്തകളൊന്നും ശ്രദ്ധിക്കുന്നില്ലേയെന്നും ജെറാം ചോദിച്ചു.
ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റായ ലൂക്കിനെ സയന്‍സ് ഫെസ്റ്റിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മ്യൂസിയം ഓഫ് മൂണ്‍ ഇന്‍സ്റ്റിലേഷന്‍ നടത്തിയത്. തനിക്ക് നല്‍കാനുള്ള തുകയ്ക്കായി ഇദ്ദേഹം സംഘാടകര്‍ക്ക് നിരവധി മെയിലുകള്‍ അയച്ചിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നൂറിലേറെ പേര്‍ക്ക് പണം നല്‍കാത്തത് ചൂണ്ടിക്കാട്ടി അദ്ദേഹം സമൂഹമാധ്യമത്തിലൂടേയും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ലൂക്കിന്റെ എക്‌സ് പോസ്റ്റിലെ വിമര്‍ശനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മൂണ്‍ ഇന്‍സ്റ്റിലേഷനായി ആകെ 25 ലക്ഷം രൂപയാണ് ചെലവായത്. ഇതില്‍ അഡ്വാന്‍സായി അഞ്ച് ലക്ഷം രൂപ മാത്രമാണ് ലൂക്ക് കൈപ്പറ്റിയിരുന്നത്. 19 ലക്ഷം രൂപ ചോദിച്ചപ്പോള്‍ പണം നല്‍കുന്ന നടപടികള്‍ നടക്കുകയാണെന്ന് മാത്രമാണ് മറുപടി ലഭിച്ചത്.

 
                                            