ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്ന ചില ബ്രാന്‍ഡുകളുണ്ട്.ഇവയില്‍ പലതും ഇപ്പോഴും ജനപ്രിയ ബ്രാന്‍ഡുകളായി തന്നെ വിപണിയിലുണ്ട്. ഇങ്ങനെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ജനങ്ങള്‍ നെഞ്ചേറ്റിയിരുന്ന ഒരു ബ്രാന്‍ഡാണ് ബോറോലിന്‍. ഇന്ത്യയില്‍ ബ്രിട്ടീഷ് ഉത്പ്പന്നങ്ങളെ പ്രതിരോധിക്കാന്‍ ഒരു സ്വദേശി വ്യവസായി പുറത്തിറക്കിയ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങളില്‍ ഒന്നാണ് ബോറോലിന്‍. ഹതിവാല ക്രീം എന്നും ഇത് അറിയപ്പെടുന്നു. ബോറോലിനിലെ ആനയുടെ ലോഗോയുടെ പേരില്‍ ആണ് പല ഗ്രാമപ്രദേശങ്ങളിലും പണ്ട് ഈ ബ്രാന്‍ഡ് അറിയപ്പെട്ടിരുന്നത് തന്നെ. കാലം പിന്നിട്ടപ്പോള്‍ സൗന്ദര്യവര്‍ദ്ധക വിപണിയില്‍ മത്സരം മുറുകിയിട്ടും ബോറോലിന്‍ പഴയ പ്രൗഢി നിലിനിര്‍ത്തുന്നുണ്ട്.
ബ്രാന്‍ഡ് രൂപീകരിച്ച് 94 വര്‍ഷമായിട്ടും ഉത്പന്നങ്ങള്‍ ഇതേ പേരില്‍ തന്നെ വിപണിയില്‍ എത്തുന്നു. ബ്രാന്‍ഡിന് പിന്നില്‍ രസകരമായ ഒരു കഥ തന്നെയുണ്ട്. പണ്ട് വിദേശത്തു നിന്ന് വിവിധ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന ഗൗര്‍ മോഹന്‍ ദത്ത എന്നയൊരാള്‍ സ്വദേശി പ്രസ്ഥാനത്തില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം വിവിധ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഇന്ത്യയില്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിച്ച ഉത്പന്നങ്ങളില്‍ ഒന്നാണ് ബോറോലിന്‍. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ജിഡി ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഇപ്പോള്‍ ബോറോലിന്‍ നിര്‍മ്മിക്കുന്നത്.
റൂഹ് അഫ്‌സയാണ് മറ്റൊരു ബ്രാന്‍ഡ്. ചൂടിനെ ചെറുക്കാനുള്ള ഒരു പച്ചമരുന്നായി ആയിരുന്നു ആദ്യം വിപണനം. ഇപ്പോള്‍ പാനീയങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്. 1907-ല്‍ ഹക്കിം ഹാഫിസ് അബ്ദുള്‍ മജീദ് എന്നയാളാണ് റൂഹ് അഫ്‌സ രൂപീകരിച്ചത്.
മജീദും അദ്ദേഹത്തിന്റെ മക്കളും ചേര്‍ന്ന് സ്ഥാപിച്ച കമ്പനികളാണ് ഇപ്പോളും റൂഹ് അഫ്‌സ ബ്രാന്‍ഡിലെ വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഹംദര്‍ദ് ലബോറട്ടറീസ് എന്ന പേരില്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലും സ്ഥാപനമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ഈ കമ്പനികള്‍ മറ്റ് പല ഉല്‍പ്പന്നങ്ങളും പുറത്തിറക്കിയിരുന്നു.
അതുപോലെ ലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കിയ മറ്റൊരു ബ്രാന്‍ഡ് ടാറ്റയാണ്.ദി താജ് മഹല്‍ പാലസ് ഹോട്ടല്‍എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍,ടാറ്റ അതിഥികള്‍ക്കായി വാതില്‍ തുറന്നുകൊടുത്തത് 1903 ഡിസംബര്‍ 16-നാണ്. താജ്മഹല്‍ പാലസ് ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തത് ഇന്ത്യന്‍ ആര്‍ക്കിടെക്റ്റുകളായ റാവുസാഹെബ് വൈദ്യയും ഡിഎന്‍ മിര്‍സയും ചേര്‍ന്നാണ്. 1898-ല്‍ സൊറാബ്ജി കോണ്‍ട്രാക്ടറാണ് ഹോട്ടലിന് അടിത്തറ പാകിയത്. 1903 ഡിസംബര്‍ 16-ന് ആദ്യത്തെ 17 അതിഥികള്‍ക്കായി ഹോട്ടല്‍ അതിന്റെ ഗേറ്റ് തുറക്കുകയായിരുന്നു. ടാറ്റയുടെ തന്നെ നിരവധി ബ്രാന്‍ഡുകള്‍ വേറെയുമുണ്ട്.
മൈസൂര്‍ സാന്‍ഡല്‍ സോപ്പ് ആണ് ഗൃഹാതുരത്വം ഉണര്‍ത്തുന്ന മറ്റൊരു ബ്രാന്‍ഡ്. 1916-ല്‍ മൈസൂര്‍ രാജാവായിരുന്ന കൃഷ്ണരാജ വാഡിയാര്‍ നാലാമന്‍ ബെംഗളൂരുവില്‍ സര്‍ക്കാര്‍ സോപ്പ് ഫാക്ടറി സ്ഥാപിച്ചതു മുതല്‍ ഈ സോപ്പ് ജനകീയമാണ്. ഗൃഹാതുരത്വം നിറഞ്ഞ മറ്റൊരു ബ്രാന്‍ഡാണ് പാര്‍ലെ-ജി. 1938-ലാണ് ആദ്യമായി പാര്‍ലെ-ജി ബിസ്‌ക്കറ്റ് വിപണിയില്‍ എത്തിയത്. അന്ന് പാര്‍ലെ ഗ്ലൂക്കോ എന്ന് പേരില്‍ ആയിരുന്നു ബിസ്‌ക്കറ്റ് വിപണിയില്‍ എത്തിയത്.
