സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം ബിജെപി വളച്ചൊടിക്കുന്നു : ഉദയനിധി സ്റ്റാലിൻ

സനാതന ധര്‍മ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും താരതമ്യപ്പെടുത്തി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇതിനെതിരെ കനത്ത വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. .ഉദയനിധിയുടെ പരാമര്‍ശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധര്‍മം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ബിജെപി വളച്ചൊടിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നാണ് അദ്ദേഹം പറയുന്നത്.’ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്‌തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്‌ബോള്‍ അതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണം എന്നാണോ?’- ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.പ്രസ്താവനകളെ വളച്ചൊടിക്കുന്നത് ബിജെപിയുടെ സ്ഥിരം നിലപാടാണെന്ന് ഉദയനിധി അഭിപ്രായപ്പെട്ടു.പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യയെ ബിജെപി ഭയക്കുന്നതായും അതിനാല്‍ ശ്രദ്ധ തെറ്റിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഉദയനിധിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും അഹങ്കാരികളായ പ്രതിപക്ഷത്തിന് ഭാരതത്തിന്റെ പാരമ്ബര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. വോട്ട് ബാങ്കിന് വേണ്ടി സനാതന ധര്‍മത്തെ അവര്‍ അപമാനിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ഗണപതി മിത്താണെന്ന് പറയുന്ന എ.എന്‍ ഷംസീറിന്റെ അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ പ്രതികരിച്ചത്.സ്നേഹത്തിന്റെ കട തുറക്കാന്‍ ഇറങ്ങിയവര്‍ മുന്നോട്ട് വയ്ക്കുന്ന അഖണ്ഡതയുടെ സന്ദേശമാണോ ഡി.എം.കെ നേതാവ് പങ്കുവയ്ക്കുന്നത്!
ഉദയനിധിയുടെ അഭിപ്രായം തന്നെയാണോ രാഹുല്‍ ഗാന്ധിയ്ക്കും പിണറായി വിജയനുമുള്ളത് എന്നും മുരളീധരന്‍ ചോദിച്ചു.
അതെ സമയം വിഷയത്തില്‍ ബി ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തി. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബി.ജെ.പി. മതത്തെ ആയുധമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിന്റെ ഘടനയില്‍ വിഘാതമുണ്ടാക്കാനും ഐക്യബോധം തകര്‍ക്കാനും ബി.ജെ.പി. ശ്രമിക്കുന്നു. ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍നിന്ന് ചൂടുകായാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാണയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം എന്നതിനേക്കാള്‍ ആര് വരാന്‍ പാടില്ലെന്നതിനെക്കുറിച്ചാണ് 2024- ലെ പൊതുതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് ഉദയനിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *