ബിനു പപ്പുവും, ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് ഭാരത സർക്കസ്. എം എ നിഷാദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജാഫർ ഇടുക്കി,പ്രചോദ് കലാഭവൻ,സുനിൽ സുഗത,
ആരാധ്യ ആൻ, മേഘ തോമസ്, സുധീർ കരമന,ആബിജ, ജയകൃഷ്ണൻ, പാഷണം ഷാജി,ജോളി ചിറയത്ത്,ലാലി പി എം, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
നിറം,ജാതി,പേര്, മതം എന്നിവയൊക്കെ കൊണ്ട് ആദ്യ കാഴ്ചയിൽ തന്നെ മനുഷ്യരെ അളക്കുകയും മുൻവിധിയൊടെ സമീപിക്കുകയും ചെയ്യുന്നവരെ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണാൻ സാധിക്കും. അത്തരം മുൻവിധികളോടെ ഭരണകൂടവും നിങ്ങളെ കാണാൻ തുടങ്ങിയാൽ എങ്ങനെയുണ്ടാകും. മനുഷ്യരുടെ ജീവിതം വെച്ച് സർക്കസ് കളിക്കുന്ന വ്യക്തികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ഭാരത സർക്കസ്.

പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന ആളാണ് ലക്ഷ്മണൻ. ഭാര്യ മരിച്ച ലക്ഷ്മണന് ആകെ മകൾ പൊന്നിയാണ് കൂടെയുള്ളത്.ഒരു ദിവസം പൊന്നിയുടെ ഫോണിലേക്ക് വരുന്ന അവളുടെ ഒരു നഗ്ന വീഡിയോ അപ്രതീക്ഷിതമായി ലക്ഷ്മണം
ണൻ കാണാനിടയാകുന്നു.ദേഷ്യവും വിഷമവും സഹിക്കാനാവാതെ ലക്ഷ്മണൻ മകളെ ശകാരിയും മർദ്ദിക്കുകയും ചെയ്യുന്നു. മനസ്സു തകർന്ന പൊന്നി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ അബോധാവസ്ഥയിൽ കിടക്കുന്ന മകളെ ആശുപത്രിയിലാക്കി ലക്ഷ്മണൻ നേരെ ചെല്ലുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. മകളുടെ നഗ്ന വീഡിയോ പകർത്തിയ വ്യക്തിയെ കണ്ടെത്താനും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാതിരിക്കാൻ പോലീസിന്റെയും സൈബർ സെല്ലിന്റെയും സഹായം അഭ്യർത്ഥിച്ചു ആണ് ലക്ഷ്മണൻ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. പോലീസ് കേസ് എടുത്ത ശേഷം അന്വേഷണം ആരംഭിച്ചെങ്കിലും ചില ബാഹ്യ ശക്തികളുടെ ഇടപെടൽ കൊണ്ട് കേസിന്റെ ഗതി തന്നെ മാറിമറിയുന്നു. സ്വാർത്ഥ താല്പര്യങ്ങളൊടെ പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ നടത്തുന്ന വളച്ചൊടിക്കലുകൾ ഇവിടെ സങ്കീർണമായി തീരുകയാണ്. നിരപരാധിയായ ലക്ഷ്മണന്റെ ജീവിതം ശരിക്കും ഒരു മരണക്കിണർ ആയി മാറുന്നു. കെണിവെച്ച് കാത്തിരിക്കുന്ന ചതികളിൽ നിന്നും ലക്ഷ്മണന് രക്ഷപ്പെടാൻ ആകുമോ എന്ന ആശങ്ക ഈ ചിത്രം കാണുമ്പോൾ പ്രേക്ഷകരിലേക്കും എത്തുന്നുണ്ട്. നീതിക്കും നിലനിൽപ്പിനും വേണ്ടി ലക്ഷ്മണൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് യഥാർത്ഥത്തിൽ ഭാരത സർക്കസ് എന്ന ഈ ചിത്രം പറയുന്നത്. ഒരു അച്ഛന്റെ വേദനയും അപമാനിതനാവുമ്പോൾ ഉള്ള വിങ്ങലും,ദേഷ്യവും
ബിനുവിൽ മിന്നിമറയുന്നു. വൈകാരിക രംഗങ്ങൾ എല്ലാം ഏറെ കയ്യടക്കം പുലർത്താനും ബിനു ശ്രദ്ധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കാമ്പുള്ള കഥാപാത്രമായി താനിനേയും ഇവിടെ തന്നെ കാണും എന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് ബിനു ഈ ചിത്രത്തിൽ തന്റെ വേഷത്തിലൂടെ. ഷൈൻ ടോം ചാക്കോയുടെ ശരീരഭാഷയെയും ആംഗ്രിമാൻ ലുക്കിനെയും നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയ ഒരു ചിത്രം കൂടിയാണ് ഭാരത സർക്കസ്.മനുഷ്യ പക്ഷത്ത് നിന്നും സംസാരിക്കുന്ന അനൂപ് ഉണ്ണിത്താൻ എന്ന കഥാപാത്രം ഷൈനിന്റെ കയ്യിൽ ഈ ചിത്രത്തിൽ ഭദ്രമാണ്. ജാതി സ്പിരിറ്റ് ഇപ്പോഴും കൊണ്ടുനടക്കുന്നവർക്ക് മുഖംമടിച്ചുള്ള ഒരു അടിയാണ് ഭാരത സർക്കസ് എന്ന ഈ സിനിമ. ജാതി മതം തൊലി നിറം എന്നിവയൊക്കെ നോക്കി മനുഷ്യരെ വേർതിരിക്കുന്ന ജീർണിച്ച സിസ്റ്റത്തെ ഈ ചിത്രം തുറന്നു കാണിക്കുകയും ചെയ്യുന്നു.

പുലയാടി മക്കൾക്ക് പുലയാണ് പോലും,പുലയന്റെ മകനോട് പുലയാണ് പോലും എന്ന ഗാനത്തിന്റെ പ്ലേസ്മെന്റ് ഈ ചിത്രത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. പ്രേക്ഷകരിലേക്ക് കൊണ്ടുവരേണ്ട ഒരു വിഷയത്തെ വളരെ കൃത്യമായി തന്നെ സംവിധായകൻ സോഹൻ സീനു ലാൽ കൊണ്ടുവന്നിട്ടുണ്ട്. മുഹാദ് വെമ്പായം ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബെസ്റ്റ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനുജ് ഷാജിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിനു കുര്യൻ ഒരുക്കിയ ദൃശ്യങ്ങളും വി സാജന്റെ എഡിറ്റിങ്ങും പ്രമേയത്തോട് വളരെയധികം നീതിപുലർത്തുന്നത് തന്നെയാണ്.ബിജി ബാലൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വലിയ താരനിരയോ പരസ്യമോ പ്രമോഷനോ ഒന്നും ഇല്ലാതെ തീയേറ്ററുകളിലേക്ക് എത്തിയ ഭാരത സർക്കസ് എല്ലാ സിനിമ പ്രേമികളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. പൗരന് ഭരണകൂടം ഉറപ്പു നൽകുന്ന നിയമങ്ങളെക്കുറിച്ച് മാത്രമല്ല നമുക്ക് ചുറ്റും പതിയിരിക്കുന്ന പല
കെണികളെ കുറച്ചുകൂടി ഭാരതസർക്കസ് ഓരോ വ്യക്തികളെയും ഓർമ്മപ്പെടുത്തുന്നു.
