ജനാതിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റും മുന്‍ എം പിയുമായ പി.കെ. ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ റൂറല്‍ എസ് പിക്ക് പരാതി. പി കെ ശ്രീമതി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
”തിരുവോണത്തിന് എന്റെ വീട്ടില്‍ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന് ഞാന്‍ പറഞ്ഞതായാണ് എന്റെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തില്‍ പോര്‍ക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പര്‍ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണിത്. അന്യമതസ്ഥനായ സഹപാഠിയെ അടിക്കാന്‍ അധ്യാപിക തന്നെ മറ്റ് കുട്ടികളോട് ആവശ്യപ്പെടുന്നത് പോലുള്ള വിദ്വേഷമാണ് യുപി പോലുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ പടര്‍ത്തുന്നത്.
ഇവിടെ ആര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താല്‍പര്യമാണ്. അങ്ങനെയിരിക്കെ, ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഇങ്ങനെ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു.വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാണിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു. വ്യാജപ്രചരണം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എല്ലാ ജനങ്ങളും സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.
