ബാർ കോഴ വിവാദം: എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങൾ തെറ്റ്

ബാറുടമകളെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിൻറെയും വാദങ്ങൾ തെറ്റ്.  97 ബാര്‍ ലൈസൻസ് നൽകിയതടക്കം രണ്ടാം പിണറായി സര്‍ക്കാര്‍ ബാറുടമകൾക്ക് കയ്യയച്ചാണ് ഇളവുകൾ നൽകിയത്. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൊതു അവധികൾ ബാധകമാക്കിയത് മുതൽ ടേൺഓവര്‍ ടാക്സ് വെട്ടിപ്പ് നടത്തിയ ബാറുകൾക്ക് മദ്യം നൽകരുതെന്ന നികുതി വകുപ്പ് നിര്‍ദ്ദേശം അട്ടിമറിച്ചത് അടക്കമുള്ള സഹായങ്ങൾ വേറെയും.

രണ്ടാം ബാര്‍ കോഴ ആരോപണത്തിൽ ആകെ പ്രതിരോധത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പുതിയ മദ്യ നയത്തെ കുറിച്ച് പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലെന്ന് മാത്രമല്ല ബാറുടകമകളെ സഹായിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്ന് അക്കമിട്ട് നിരത്തിയായിരുന്നു എക്സൈസ്  മന്ത്രി എം ബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ കാര്യം അങ്ങനെ അല്ല. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ നടപ്പാക്കിയതെല്ലാം ബാറുടമകളുടെ താൽപര്യം.

സംസ്ഥാനത്ത് നിലവിൽ 801 ബാറുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം ലൈസൻസ് അനുവദിച്ചത് 97 ബാറുകൾക്കാണ്. ത്രീ സ്റ്റാറും അതിനിനുമുകളിലും ക്ലാസിഫിക്കേഷൻ നേടിയ 33 ബിയര്‍ വൈൻ പാര്‍ലറുകൾക്ക് ബാര്‍ ലൈസൻസ് പുതുക്കി കൊടുക്കുക കൂടി ചെയ്തതോടെ ഫലത്തിൽ സംസ്ഥാനത്ത് അധികം തുറന്നത് 130 ബാറുകളാണ്. 

Leave a Reply

Your email address will not be published. Required fields are marked *