മലപ്പുറം: കലാസാംസ്ക്കാരിക രംഗങ്ങളിലും സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാംസ്ക്കാരിക വകുപ്പില്‍ നിന്നും സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സാംസ്ക്കാരിക കൂട്ടായ്മയായ നന്മ സാംസ്ക്കാരിക വേദി മലപ്പുറം ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
കലാരംഗങ്ങളിലും, സിനിമ ,സാംസ്ക്കാരിക വേദികളിലും അമിത രാഷ്ട്രീയവത്ക്കരണത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും, സാംസ്ക്കാരിക മുന്നേറ്റത്തിനും വിഘാതമാകുമെന്നും ജില്ലാ കണ്വെന്ഷന് വിലയിരുത്തി.
2023 ആഗസ്റ്റ് 17 ന് മലപ്പുറം കോട്ടപ്പടിയില്‍ കെ.ദാമോദരന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന ജില്ലാ കണ്വെന്ഷന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് കെ.ഷാനവാസ്ഖാന് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി എച്ച് ബാലമുരളി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടും, മുഖ്യ പ്രഭാഷണവും നടത്തി. ജോയിന്റ് കൗണ്‍സില്‍ നന്മ മുന്‍ കണ്‍വീനര്‍ രജീഷ് ബാബു സ്വാഗതവുംജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുജിത് കുമാര്‍ അധ്യക്ഷതയും വഹിച്ചു.സംസ്ഥാന വൈസ് ചെയര്മാന് ജയപ്രകാശ്, ജില്ലാ സെക്രട്ടറി സുരേഷ് ബാബു .കെ .സി, ജില്ലാ പ്രസിഡന്റ് ഷാനവാസ്, ജില്ലാ വൈസ് പ്രസിഡന്റ് അനന്തന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. സുജിത് കുമാര്‍ (കണ്‍വീനര്‍), രജീഷ് ബാബു (ജോ. കണ്‍വീനര്‍), വിനോദ് ആലത്തിയൂര്‍ (സംസ്ഥാന സമിതി അംഗം) എന്നിവര്‍ ഉള്‍പ്പെടുന്ന പതിനൊന്നംഗ ജില്ലാ കമ്മിറ്റിയെ കണ്വെന്ഷന് തിരഞ്ഞെടുത്തു.
