മഞ്ഞപ്പിത്തം പടരുന്ന നാല് ജില്ലകളില്‍ ശ്രദ്ധ, രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പലരിലും കൂടി വരുന്ന സാഹചര്യത്തിൽ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രത നിർ​ദ്ദേശം നൽകി ആരോഗ്യവകുപ്പ്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്.

രോഗലക്ഷണം ഉള്ളവരാകട്ടെ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരാം. പാത്രങ്ങള്‍ കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ളത് തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെയും രോഗബാധയുണ്ടാകാം. അതുപോലെ തന്നെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് വെള്ളച്ചോര്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ അതും പെട്ടെന്ന് കണ്ടെത്തി പരിഹരിക്കണം.

മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേകിച്ച് രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്ഐവി ബാധിതര്‍ രോ​ഗമുള്ളവര്‍ എന്നിവരിലെല്ലാം ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ തന്നെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ തന്നെ തേടണം. മലപ്പുറം ചാലിയാര്‍, പോത്തുകല്‍ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു.

പ്രതിരോധ മാര്‍ഗങ്ങള്‍

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
· തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
· കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
· സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക
· ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
· 6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിന്‍ എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *