ആക്രമിക്കുന്നത് നിശബ്ദയാക്കാൻ; നടൻ സിദ്ദീഖിനെതിരെ ആരോപണവുമായി കോടതി

നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ലെന്നും ആക്രമിക്കുന്നത് നിശബ്ദയാക്കാനെന്ന് കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നത്. സിദ്ദിഖിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിക്കുന്നത്. അഞ്ച് വർഷം റിപ്പോർട്ട് പുറത്തു വിടാതെ വെച്ചിരുന്നതിനാണ് സർക്കാരിനെ വിമർശിച്ചത്.

ഇരയ്ക്ക് നീതി നല്‍കണമെന്നാണ് ആദ്യാവസാനം കോടതി പറയുന്നത്. സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടി. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു. സിദ്ധീഖിന്റെ വൈദ്യ പരിശോധന നടത്തേണ്ടതുണ്ടെന്നും സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വിശദീകരിക്കുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കുമെന്നും അതിജീവിതമാര്‍ക്ക് മുന്നോട്ട് പോകാനാകുമെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങള്‍ക്കും രൂക്ഷ വിമര്‍ശനമുണ്ട്. പരാതിക്കാരിക്കെതിരെ സിദ്ദിഖ് ഉയര്‍ത്തിയ വാദങ്ങള്‍ ഹൈക്കോടതി തള്ളി. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമെന്ന് പറഞ്ഞ ഹൈക്കോടതി ലൈംഗിക അതിക്രമത്തിനിരയായി എന്നത് വെച്ച് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുതെന്ന് ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *