രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി

തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. ഇപ്പോഴിതാ ആദ്യമായി വിഷയത്തിൽ ആസിഫ് അലി പ്രതികരിച്ചിരിക്കുകയാണ്. റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിനിടയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് താരം വിവാദ സംഭവത്തിൽ തന്റെ ഭാ​ഗം വ്യക്തമാക്കിയത്. രമേഷ് നാരായണൻ തന്നെ അപമാനിച്ചതായി തോന്നിയിട്ടില്ലെന്നും അത്രയും പ്രായമുള്ള സീനിയറായ ഒരാൾ താൻ കാരണം വിഷമിക്കാൻ പാടില്ലെന്നുമാണ് ആസിഫ് അലി പറഞ്ഞത്.

മാത്രമല്ല സോഷ്യൽമീഡിയ വഴി നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ അവസാനിപ്പിക്കണമെന്നും തന്നെ സ്നേഹിക്കുന്നവരോട് ആവശ്യപ്പെട്ടു. എന്നെ ആളുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കലയോളം തന്നെ കലാകാരനേയും സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് നമ്മൾ ഇന്നലെ തെളിയിച്ചു. പക്ഷെ അതിനൊപ്പം അദ്ദേഹത്തിന് എതിരെ ഒരു ഹേറ്റ് ക്യാംപയ്ൻ ഉണ്ടാകുന്നതിനോട് എനിക്ക് ഒരു താൽപര്യവുമില്ല. അ​ദ്ദേഹം മനപൂർവം ചെയ്തതല്ല. അങ്ങനെ ചെയ്യുന്നയാളുമല്ല. ഒരു മനുഷ്യനും ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതിനെ വേറൊരു ഡിസ്കഷനിലേക്കും കൊണ്ടുപോകരുത്. ഈ വിഷയം എന്റെ ഓപ്പൺ ചാപ്റ്റർ പോലുമല്ല. ജയരാജ് സാർ വന്ന് രമേഷ് സാറിന് മൊമന്റോ കൊടുത്തപ്പോൾ തന്നെ എന്റെ റോൾ അവിടെ കഴിഞ്ഞു.

അതുകൊണ്ട് തന്നെ ആ സംഭവത്തിൽ ഒരു രീതിയിലുമുള്ള ബോധറേഷൻ എനിക്ക് ഉണ്ടാവുകയോ സംസാരം ഉണ്ടാവുകയോ ഒന്നും ചെയ്തില്ല. ഇന്നലെ ഉച്ചയ്ക്ക് ഇത് വലിയ സംസാരത്തിലേക്ക് പോയിയെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഇതിനൊരു മറുപടി പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഞാൻ പറയുന്ന മറുപടി എന്നെ സപ്പോർട്ട് ചെയ്തവർക്കും അദ്ദേഹത്തിനും വിഷമമാകാത്ത രീതിയിലുള്ളതാകണം. അതാണ് ഞാൻ മറുപടി പറയാൻ ലേറ്റായത്.

എതിരെ നിൽക്കുന്നവന്റെ മനസൊന്ന് അറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളല്ലേയുള്ളു. അതുകൊണ്ട് കുഴപ്പമില്ല. ആ മൊമന്റിൽ അ​​ദ്ദേഹത്തിനുണ്ടായ എന്തെങ്കിലും ടെൻഷനായിരിക്കണം അങ്ങനെ ചെയ്തതിന് പിന്നിൽ. ജയരാജ് സാറിന്റെ കയ്യിൽ നിന്നും മൊമന്റോ വാങ്ങാനാണ് അ​ദ്ദേഹം പ്രിഫർ ചെയ്തതെന്ന് മനസിലായതുകൊണ്ടാണ് ഞാൻ മാറി നിന്നത്. ഒരു ലൈവ് ഇവന്റിൽ സംഭവിക്കാൻ സാധ്യതയുള്ള തെറ്റുകൾ മാത്രമാണ് ആ ഇവന്റിലും സംഭവിച്ചിട്ടുള്ളു.

ഇന്നലെ അദ്ദേഹത്തിന്റെ മെസേജ് എനിക്ക് വന്നിരുന്നു. ശേഷം ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. നേരിൽ കാണാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് കാണാത്തത്. പക്ഷെ അദ്ദേഹം സംസാരിക്കുന്നത് കേട്ടപ്പോൾ ഒരുപാട് വിഷമത്തിലാണെന്ന് മനസിലായി. സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അത്രയും പ്രായമുള്ള സീനിയറായ ഒരാൾ ഞാൻ കാരണം വിഷമിക്കാൻ പാടില്ല. അദ്ദേഹം അപമാനിച്ചതായി എനിക്ക് ഫീൽ ചെയ്തിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു. നിരവധി പേരാണ് ആസിഫിന്റെ പക്വതയാർന്ന മറുപടിയെ പ്രശംസിച്ച് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *