ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. ഇതിൽ ഇപ്പോ ചർച്ചയാകുന്നത് കെജ്‌രിവാൾ ഇരുന്ന മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. കെജ്‌രിവാളിന്റെ മടങ്ങി വരവിന് വേണ്ടി കസേര ഒഴിച്ചിടുകയാണെന്നാണ് അതിഷി പറയുന്നത്. കെജ്‌രിവാൾ മടങ്ങി വരുന്നത് വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞ് കിടക്കും. ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ ഭരിച്ചതുപോലെ അടുത്ത നാലര മാസം സർക്കാരിനെ മുന്നോട്ടു കൊണ്ട് പോകുമെന്നും അതിഷി പറഞ്ഞു.
മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതോടെയാണ് ഡൽഹിയിൽ ഭരണ പ്രതിസന്ധി ഉടലെടുക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ഉറച്ച ശബ്ദമായ അതിഷിയല്ലാതെ മറ്റൊരു പേരും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുന്നിലുണ്ടായിരുന്നില്ല. ആംആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിച്ചു.
മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവർ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി. തൊട്ടടുത്ത ദിവസം അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. കെജ്‌രിവാൾ ജയിലിലാക്കപ്പെട്ട സമയത്ത് പാർട്ടിയിൽ സുപ്രധാന പങ്കുവഹിച്ചത് അതിഷിയായിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ഡൽഹിയുടെ മൂന്നാമത് വനിത മുഖ്യമന്ത്രിയായി അതിഷി. കോൺഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജ് എന്നിവരായിരുന്നു ഡൽഹിയുടെ മുൻ വനിത മുഖ്യമന്ത്രിമാർ.
അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തുവരാതിരിക്കാൻ ബിജെപി ഗൂഢാലോചന നടത്തി. എന്നാൽ, ബിജെപിയ്ക്ക് മുന്നിൽ മുട്ടുമടക്കാൻ കെജ്രിവാൾ തയ്യാറായില്ല. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ലഭിക്കുക എളുപ്പമല്ല. എന്നിട്ടും കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നൽകി. വീണ്ടും മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് എത്തുന്നതിന് പകരം അദ്ദേഹം സ്ഥാനം രാജിവെയ്ക്കുകയാണ് ചെയ്തത്. ജനങ്ങളുടെ കോടതിയിലും സത്യസന്ധത തെളിയിക്കണം എന്നായിരുന്നു അതിഷി പറഞ്ഞത്.

 
                                            