ഭാവി സാങ്കേതിക വിദ്യാ വികസനത്തിനായി മികവിന്റെ കേന്ദ്രമൊരുക്കി വിപ്രോ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡല്‍ഹി കേന്ദ്രത്തില്‍ ആണ് ജനറേറ്റീവ് എഐയില്‍ പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രം ആരംഭിക്കുന്നത്. എഐ നവീകരണത്തിനായി 100 കോടി ഡോളര്‍ കമ്പനി ആണ് നിക്ഷേപിക്കുന്നത്. വിപ്രോ ലിമിറ്റഡിലെ ചീഫ് ടെക്നോളജി ഓഫീസര്‍ ശുഭ ടാറ്റവര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതിക വിദ്യാ രംഗത്തെ ഏറ്റവും നൂതന മേഖലയില്‍ നിക്ഷേപം നടത്തുന്നതില്‍ സന്തുഷ്ടരാണെന്ന് വിപ്രോ അധികൃതര്‍ സൂചിപ്പിക്കുന്നു.
സാങ്കേതികവിദ്യയുടെ ഏറ്റവും ആവേശകരമായ വളര്‍ന്നുവരുന്ന ചില മേഖലകളില്‍ ത്വരിതഗതിയിലുള്ള നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഐഐടി ഡല്‍ഹിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പുതിയ കേന്ദ്രം ഈ രംഗത്തെ അടിസ്ഥാനപരമായ ഗവേഷണങ്ങളെ പിന്തുണയ്ക്കും. നിര്‍ണായകമായ മേഖലയില്‍ അത്യാധുനിക സേവനങ്ങള്‍ നല്‍കാനും കഴിയും .ജനറേറ്റീവ് എഐ പോലുള്ള ഉയര്‍ന്നുവരുന്ന മേഖലകളില്‍ ഗവേഷണ-വികസന ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിലവിലുള്ളതും പുതിയതുമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കാനും ഈ കേന്ദ്രം വഴി തെളിക്കും. എഐ നവീകരണത്തിനായി വന്‍ തുകയാണ് വിപ്രോ ചെലവഴിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഫാക്കല്‍റ്റി അംഗങ്ങളുമായും ബിരുദ വിദ്യാര്‍ത്ഥികളുമായും ചേര്‍ന്ന് വിപ്രോയിലെ ഗവേഷക സംഘം പ്രവര്‍ത്തിക്കും. എഐ ,മെഷീന്‍ ലേണിങ്, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് നിലവിലുള്ള ബിസിനസിലെ പ്രശ്‌നങ്ങള്‍ക്കുള്‍പ്പെടെ പരിഹാരം കാണാന്‍ വിപ്രോ ടീമംഗങ്ങള്‍ ശ്രമിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പഠനത്തിനും വളര്‍ച്ചയ്ക്കും ഗവേഷണ കേന്ദ്രം അവസരങ്ങള്‍ സൃഷ്ടിക്കും.
ബിസിനസില്‍ മാത്രമല്ല ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ ആര്‍ട്ടിഫില്‍ ഇന്റലിജന്‍സ് വിപ്ലവം തീര്‍ക്കുകയാണ്. രോഗനിര്‍ണയം, ചികിത്സ, രോഗി പരിചരണം എന്നീ മേഖലകളില്‍ നൂതനമായ ഉപകരണങ്ങളുമായി ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ വ്യവസായ രംഗത്തെ തന്നെ മാറ്റുകയാണ് എഐ. ലോക സാമ്പത്തിക ഫോറം പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2025 ഓടെ ഇന്ത്യയിലെ എഐ ചെലവ് 1,178 കോടി ഡോളറിലെത്തുമെന്നും 2035 ഓടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ഒരു ലക്ഷം കോടി ഡോളര്‍ സംഭാവന നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഹെല്‍ത്ത്കെയര്‍ രംഗത്തെ മാത്രം എഐ വിപണി 2028-ഓടെ 10270 കോടി ഡോളറായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നു. രാജ്യത്തുടനീളം യോഗ്യരായ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ കുറവുണ്ട്. 1,00,000 ആളുകള്‍ക്ക് 150 ഡോക്ടര്‍മാര്‍ ആണ് ആഗോള ശരാശരി എങ്കില്‍ ഇന്ത്യയില്‍ 64 ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.

 
                                            