ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി അനന്തുവിന് യാത്രാമൊഴി, അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. വീട്ടിലെയും കോളജിലെയും പൊതുദർശനത്തിന് ശേഷം അനന്തുവിന്‍റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പാറക്കല്ല് തെറിച്ചു തലയിൽ വീണതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണമെന്നും ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു അതുകൂടി പരിഗണിച്ചുകൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടത് സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാവുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഒരു കുട്ടിയുടെ കാല് മുറിക്കേണ്ടിവന്നതടക്കം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണ പ്രവ‌ർത്തനങ്ങൾ അനുവദിക്കാനാവില്ല. വിഴിഞ്ഞം തുറമുഖ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.

മകന്‍റെ വേർപാടിൽ ഹൃദയം പൊട്ടിയുള്ള അമ്മയുടെ കരച്ചിൽ ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തി. ഒരു നാട് മുഴുവൻ അനന്തുവിന് അവസാന യാത്രാമൊഴി ചൊല്ലാനെത്തി. കോളേജിലെ പൊതുദർശനവും സങ്കടക്കാഴ്ചയായി. ഒരു ഉറപ്പിനും ഇനി ഒരു പരിഹാരമാർഗത്തിനും അനന്തുവിന്റെ ജീവൻ തിരികെ നല്കാനാകില്ല. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. രക്തത്തിൽ കുളിച്ചുകിടന്ന അനന്തുവിനെ ഓടിക്കൂടിയ നാട്ടുകാർ 108 ആംബുലൻസിൽ നിംസ് ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ തുടരവെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *